ഗൗരിയമ്മയില്ലാത്ത ജെ.എസ്.എസിനെ ആവശ്യമില്ല: യു.ഡി.എഫ്
Kerala
ഗൗരിയമ്മയില്ലാത്ത ജെ.എസ്.എസിനെ ആവശ്യമില്ല: യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2014, 9:56 am

[share]

[]തിരുവനന്തപുരം:  കെ.ആര്‍. ഗൗരിയമ്മ ഇല്ലാത്ത ജെ.എസ്.എസിനെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്. ഗൗരിയമ്മയെ അനുനയിപ്പിക്കാനില്ലെന്നും വിഘടിച്ച രണ്ടു കൂട്ടരെയും യു.ഡി.എഫില്‍ ചേര്‍ക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു.

ഇന്നലെ കൊല്ലത്ത് ചേര്‍ന്ന പാര്‍ട്ടിസര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു.

ഗൗരിയമ്മയില്ലാത്ത ജെ.എസ്.എസിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ജെ.എസ്.എസിന്റെ അടിസ്ഥാനം തന്നെ ഗൗരിയമ്മയുടെ രാഷ്ട്രീയ പാരമ്പര്യമാണ്. ഈ സാഹചര്യത്തില്‍ ഒരു വിഭാഗത്തെയും യു.ഡി.എഫില്‍ എടുക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം കോണ്‍ഗ്രസിന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിമതവിഭാഗം നേതാവ് അഡ്വ. രാജന്‍ ബാബു പറഞ്ഞു.

യു.ഡി.എഫില്‍ തുടര്‍ന്ന് പോകാമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും.

കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനുമായും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുമായും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയെന്നും രാജന്‍ ബാബു പറഞ്ഞു.

രാജന്‍ബാബു വിഭാഗം യു.ഡി.എഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം വരുന്നത്. .
യു.ഡി.എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിച്ചത്.