ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചന; തനിക്ക് പങ്കുണ്ടെന്ന പ്രചരണം ഇംഗ്ലീഷ് അറിയാത്ത മാധ്യപ്രവര്‍ത്തകന്റെ സൃഷ്ടിയെന്ന് ഗണേഷ്‌കുമാര്‍
Kerala News
ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചന; തനിക്ക് പങ്കുണ്ടെന്ന പ്രചരണം ഇംഗ്ലീഷ് അറിയാത്ത മാധ്യപ്രവര്‍ത്തകന്റെ സൃഷ്ടിയെന്ന് ഗണേഷ്‌കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 6:53 pm

കൊല്ലം: യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എം.എല്‍.എ. തനിക്കെതിരെ കെട്ടുകഥകള്‍ പ്രചരിപ്പിച്ചാല്‍ താന്‍ മാത്രമല്ല അതിനെതിരെ ശബ്ദിക്കാന്‍ ഒരുപാടാളുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഗൂഢാലോചന നടത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയല്ല താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് നടന്ന കേരള കോണ്‍ഗ്രസ് ബിയുടെ പരിപാടിയിലായിരുന്നു എം.എല്‍.എയുടെ പ്രതികരണം. സോളാര്‍ കേസ് ഗൂഢാലോചനയില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുള്ള യു.ഡി.എഫ് നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ എനിക്കും മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്നത് വെറു പ്രചരണമാണെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ അങ്ങനെയുണ്ടെന്ന പ്രചരണം ഇംഗ്ലീഷറിയാത്ത ഒരു മലയാള മാധ്യമപ്രവര്‍ത്തകന്റെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ് നിയമസഭയില്‍ എന്നെ കുറിച്ചുന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറ്റംഗങ്ങള്‍ക്കും മുന്നില്‍വെച്ച് എന്താണ് യാഥാര്‍ഥ്യമെന്ന് മറുപടി പറഞ്ഞു. പകുതി മാത്രമേ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളു. ബാക്കി എന്റെ കൈവശമുണ്ട്.

കേരളത്തിലെ മുതിര്‍ന്ന നേതാവായ കൊട്ടാരക്കയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ആര്‍.ബാലകൃഷ്ണ പിള്ള എന്ന എന്റെ പിതാവ് യു.ഡി.എഫിന്റെ ഇത്തരം കേസുകളില്‍ ഇടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് യു.ഡി.എഫിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിട്ടാണ്. അത് മനസ്സിലാക്കി വേണം യു.ഡി.എഫ് നേതാക്കള്‍ എനിക്കെതിരെ സംസാരിക്കാന്‍.

ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ എനിയ്ക്കും മുഖ്യമന്ത്രിയ്ക്കും പങ്കുണ്ടെന്നത് വെറും പ്രചരണമാണ്. 77 പേജുള്ള സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ നിന്ന് വാങ്ങിയതാണ്. അതില്‍ എവിടെയും അത്തരമൊരു പരാമര്‍ശമില്ല. ഈ വിവരം റോഡില്‍ പേപ്പറില്‍ കിടന്നതോ വാട്‌സപ്പില്‍ നിന്നോ കിട്ടിയതല്ല. ഇംഗ്ലീഷറിയാത്ത ഒരു മലയാള മാധ്യമപ്രവര്‍ത്തകനാണ് ഗണേഷ് കുമാറാണതിന് പിന്നിലെന്ന് പറഞ്ഞത്. ഇംഗ്ലീഷ് അറിയുന്ന മധ്യപ്രവര്‍ത്തകര്‍ അത് വായിച്ച് എവിടെയാണതില്‍ ഗണേഷ് കുമാറിന്റെ പേരുള്ളതെന്ന് വ്യക്തമാക്കണം. വിവരമില്ലാത്ത പാവങ്ങളുടെ മുന്നില്‍ ഇതെല്ലാം കോണ്‍ഗ്രസ് അടിച്ചിറക്കുകയാണ്.

തനിയ്ക്ക് ഗൂഢാലോചനടത്തേണ്ട ആവശ്യമില്ല. അങ്ങിനെയല്ല ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. കഴിഞ്ഞ 21 വര്‍ഷമായി നിരന്തരം എനിക്കെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തിയിട്ടും ഓരോ തവണയും വന്‍ ഭൂരിപക്ഷത്തോടെയാണ് ഞാന്‍ രണ്ട് മുന്നണിയില്‍ നിന്നും ജയിച്ചതെന്നും,’ ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ബിയുടെ വളര്‍ച്ച കണ്ട് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും പലരും പരിഹസിക്കും പോലെ ബാലകൃഷ്ണ പിള്ളയും മകനുമാത്രമുള്ള പാര്‍ട്ടിയല്ല കേരള കേണ്‍ഗ്രസെന്നും ഗണേഷ് പറഞ്ഞു.

‘കേരള കോണ്‍ഗ്രസ് ബിയുടെയും ആര്‍ ബാലകൃഷണ പിള്ളയുടെയും വാക്കിനുറപ്പുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടി വളരുകയാണ്. അതില്‍ അസൂയപെട്ടിട്ട് കര്യമില്ല. മറ്റൊരു പാര്‍ട്ടിക്കുമില്ലാത്ത സംഘടനാ രീതികളാണ് കേരള കോണ്‍ഗ്രസ് ബിക്കുള്ളത്. ഫോട്ടോയും ആധാര്‍ കാര്‍ഡും ഇമെയിലും ബ്ലഡ് ഗ്രൂപ്പും വാങ്ങി അപേക്ഷ പുരിപ്പിച്ച് കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്താണ് ഒരു മെമ്പറെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. ഇന്ത്യയില്‍ അങ്ങിനെ ചെയ്യുന്ന ഒരേ ഒരു പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണ്. പലരും പരിഹസിക്കും പോലെ ബാലകൃഷ്ണ പിള്ളയും മകനുമാത്രമുള്ള പാര്‍ട്ടിയല്ല ഇത്. പാര്‍ട്ടിയ്ക്ക് 50000 ത്തോളം സജീവ മെമ്പര്‍മാരുണ്ട് പാര്‍ട്ടി ഇനിയും വളരും,’ അദ്ദേഹം പറഞ്ഞു.

 

content highliht: Ganesh kumar against UDF