രാജ്കുമാര്‍ സന്തോഷ് സംവിധാനം ചെയ്യുന്ന ഗാന്ധി ഗോഡ്‌സേ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഹാത്മാ ഗന്ധിയുടെയും നാഥുറാം വിനായക് ഗോഡ്‌സേയുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിലാണ് ചിത്രം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗാന്ധിയുടെ പ്രസംഗങ്ങളിലൂടെയും ജയിലില്‍ വെച്ച് ഗെഡ്‌സേയെ കണ്ടുമുട്ടുന്നതും ടീസറില്‍ കാണിക്കുന്നുണ്ട്.
‘ഈ ലോകത്തെയും മനുഷ്യത്വത്തെയും രക്ഷിക്കണമെങ്കില്‍ അക്രമം ഉപേക്ഷിക്കണം’ എന്ന് മഹാത്മാഗാന്ധി ഒരു സീനില്‍ പറയുന്നതായി കാണാം.
പിന്നാലെ വരുന്ന രംഗത്തില്‍ ‘നിങ്ങളുടെ പക്കലുള്ള ഏറ്റവും വലിയ ആയുധം മരണം വരെയുള്ള ഉപവാസമാണ്, അത് ആളുകളെകൊണ്ട് പലതും സമ്മതിപ്പിക്കാന്‍ നിങ്ങള്‍ അത് ആവര്‍ത്തിച്ച് ഉപയോഗിക്കുന്നു. ഇതും ഒരുതരം അക്രമമാണ്,’ നാഥുറാം ഗോഡ്സെ ഗാന്ധിയോട് പറയുന്നതും കാണാം.
ദീപക് അന്താനി മഹാത്മാ ഗാന്ധിയെ അവതരിപ്പിക്കുമ്പോള്‍ ചിന്മയ് മണ്ഡലേക്കറാണ് ഗോഡ്‌സേ ആയി എത്തുന്നത്. ആരിഫ് സക്കറിയ, പവന്‍ ചോപ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനവരി 26 റിപ്പബ്ലിക് ദിനത്തില് ചിത്രം റിലീസ് ചെയ്യും.
എ.ആര്‍. റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. രാജ്കുമാര്‍ സന്തോഷിയും പ്രശസ്ത എഴുത്തുകാരന്‍ അസ്ഗര്‍ വജാഹത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.