ചില കാസ്റ്റിങ് കോളുകള്‍ പറവ പ്രൊഡക്ഷന്റെ പേരിലിടരുതെന്ന നിബന്ധനയുണ്ടായി; ജാന്‍-ഏ-മനിന്റെ പേരില്‍ എഫ്.ബി ഗ്രൂപ്പുകളില്‍ മെസേജിട്ടു: ഗണപതി
Entertainment news
ചില കാസ്റ്റിങ് കോളുകള്‍ പറവ പ്രൊഡക്ഷന്റെ പേരിലിടരുതെന്ന നിബന്ധനയുണ്ടായി; ജാന്‍-ഏ-മനിന്റെ പേരില്‍ എഫ്.ബി ഗ്രൂപ്പുകളില്‍ മെസേജിട്ടു: ഗണപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2024, 11:32 am

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള തിയേറ്ററുകളില്‍ ഏറെ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തില്‍ ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിരയാണ് ഒന്നിച്ചത്.

ചിത്രത്തിന് വേണ്ടി സംവിധായകന്‍ ചിദംബരത്തിന്റെ സഹോദരന്‍ കൂടെയായ നടന്‍ ഗണപതിയായിരുന്നു കാസ്റ്റിങ് ഡയറക്ടറായിരുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ഞുമ്മല്‍ ബോയ്സിന് വേണ്ടി നടത്തിയ കാസ്റ്റിങ് കോളിനെ കുറിച്ച് സംസാരിക്കുകയാണ് ഗണപതി.

‘തമിഴ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള കാസ്റ്റിങ് കോള്‍ നടത്തുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ അതിലെ കഥാപാത്രങ്ങളെ കുറിച്ച് നമുക്ക് അറിയാമായിരുന്നു. ചിദംബരത്തിന് എല്ലാ കാര്യങ്ങളെ കുറിച്ചും ആദ്യമേ തന്നെ വ്യക്തതയുണ്ടായിരുന്നു.

ചിദു അതൊക്കെ നമ്മളോട് കമ്മ്യൂണികേറ്റ് ചെയ്തിരുന്നു. ഞാന്‍ ആദ്യം ഇവിടെ ഒരു കാസ്റ്റിങ് കോള്‍ നടത്തിയിരുന്നു. മഞ്ഞുമ്മലിലേക്ക് നീന്തലറിയാവുന്നവരെ ആവശ്യമുണ്ടെന്ന് പറഞ്ഞുള്ള പരസ്യമല്ല, അതൊക്കെ പിന്നീട് കൊടുത്തതാണ്.

ചില കാസ്റ്റിങ് കോളുകള്‍ പറവ പ്രൊഡക്ഷന്റെ പേരിലിടരുതെന്ന് നിബന്ധനയുണ്ടായിരുന്നു. അതുകൊണ്ട് തമിഴ് പേജുകളിലും ഗ്രുപ്പുകളിലും മറ്റും ഞാന്‍ തന്നെ മെസേജിട്ടു. ജാന്‍-ഏ-മന്‍ ഉപയോഗിച്ചാണ് ആ കാസ്റ്റിങ് കോള്‍ ചെയ്തത്.

ജാന്‍-ഏ-മന്‍ എന്ന മലയാളം സിനിമയുടെ ഡയറക്ടറുടെ രണ്ടാമത്തെ സിനിമയിലേക്ക് തമിഴ് ആര്‍ട്ടിസ്റ്റുകളെ വേണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് ഗ്രുപ്പുകളില്‍ ഇട്ടു. അതിന് വാട്‌സ്ആപ്പില്‍ മൂന്നൂറോളം പേര്‍ മെസേജ് അയച്ചിരുന്നു.

പൊലീസ് അല്ലെങ്കില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ആണ് ആ കഥാപാത്രമെന്ന് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ യൂണിഫോം വാടകക്കെടുത്തിട്ടാകും ആ കാസ്റ്റിങ് കോളിന് വേണ്ടി വരുന്നത്.

അവര്‍ സിനിമയെ ആര്‍ട്ടിനേക്കാള്‍ ഉപരിയായി ദൈവത്തെ പോലെയാണ് കാണുന്നത്. അന്ന് വന്ന കുറേ റിക്വസ്റ്റുകളില്‍ നിന്നും നമുക്ക് മൂന്നോ നാലോ പേരെ കിട്ടിയെങ്കിലും ഒരുപാട് കാസ്റ്റുകള്‍ ബാക്കി വന്നപ്പോള്‍ ഞങ്ങള്‍ ചെന്നൈയില്‍ പോകാന്‍ തീരുമാനിച്ചു,’ ഗണപതി പറഞ്ഞു.


Content Highlight: Ganapathi Talks About Casting Call Of Manjummel Boys