കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വിവാദവിഷയങ്ങളായിരുന്നു നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസും ജലന്ധര്‍ ബിഷപ്പ് പ്രതിചേര്‍ക്കപ്പെട്ട പീഡനക്കേസും. ഒരു സമയത്ത് മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകളില്‍ ഇടംനേടിയ വിഷയങ്ങളായിരുന്നു ഇവ രണ്ടും. ഈ രണ്ടു കേസും സംബന്ധിച്ച വിവരങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ സദാ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
എന്നാല്‍ കേസിന്റെ വിവരങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ച കോടതി ഇപ്പോള്‍ ഗാഗ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അതായത് വിചാരണ സംബന്ധിച്ചും കേസിലെ പ്രതികളെ സംബന്ധിച്ചുമുള്ള വിവരങ്ങളോ അവരുടെ സല്‍പ്പേര് നശിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളോ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് ഇതുകൊണ്ടര്‍ഥമാക്കുന്നത്.
ഗാഗ് ഓര്‍ഡര്‍ എന്താണെന്നല്ലേ? പ്രത്യേക വിഷയത്തില്‍ പൊതുവേദിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെയാണ് ഗാഗ് ഓര്‍ഡര്‍ എന്നുപറയുന്നത്. വിചാരണ സമയത്തോ, മറ്റ് വിവാദങ്ങളിലോ ഉള്‍പ്പെട്ട വ്യക്തിയുടെ സാമൂഹ്യപദവിയും പേരും കളങ്കപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ നിരോധിക്കുന്നതാണ് ഗാഗ് ഓര്‍ഡര്‍.
നടിയെ ആക്രമിച്ച കേസില്‍ ഗാഗ് ഓര്‍ഡര്‍ കൊണ്ടുള്ള സംരക്ഷണം അനുഭവിക്കുന്നതാര്?
2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായിരുന്നു.
സംഭവത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം 2020 ജനുവരിയില്‍ കീഴ്ക്കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചിരുന്നു. തുടര്‍ വിചാരണ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രതിപ്പട്ടികയിലുള്‍പ്പെട്ട നടന്‍ ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഗാഗ് ഓര്‍ഡര്‍ പ്രഖ്യാപിച്ചത്.
സുതാര്യമായ വിചാരണയ്ക്ക് തനിക്കും അവകാശമുണ്ടെന്നും മാധ്യമങ്ങള്‍ വിചാരണയുടെ പേരില്‍ തന്റെ അന്തസ്സ് കെടുത്തുന്ന രീതിയില്‍ പെരുമാറുന്നുവെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. ഹരജി പരിഗണിച്ച കോടതി കേസ് വിചാരണനടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2020 മാര്‍ച്ച് 19 ലെ ഉത്തരവ് പ്രകാരം മാധ്യമങ്ങളെ വിലക്കുകയും ഉത്തരവ് ലംഘിച്ച 10 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അതേസമയം നിയന്ത്രണമില്ലാതെയും വാര്‍ത്തകളില്‍ വസ്തുതാധിഷ്ഠിതമായി പരിശോധന നടത്താതെയും മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അവയുടെ വായ മൂടിക്കെട്ടാന്‍ കോടതിയ്ക്ക് ഇടപെടെണ്ടി വരുന്നതെന്നാണ് ഉത്തരവിനെ അനുകൂലിക്കുന്നവരുടെ പക്ഷം. എന്നാല്‍ വിലക്കേര്‍പ്പെടുത്തുകയെന്നത് ഏകപക്ഷീയമല്ല. കേസ് സംബന്ധിച്ച വിവരങ്ങള്‍ അത്യധികം സുതാര്യതയോടെ റിപ്പോര്‍ട്ട് ചെയ്യാമെന്ന് കോടതിയെ ബോധിപ്പിച്ച് നിലവിലെ നിരോധനം മറികടക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്.
സത്യസന്ധമായിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഗാഗ് ഓര്‍ഡറിനെ മറികടക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും
നിലവിലെ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന ഗാഗ് ഓര്‍ഡറിനെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകാനുള്ള അവകാശം മാധ്യമങ്ങള്‍ക്കുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
‘നടിയെ ആക്രമിച്ച കേസില്‍ ഗാഗ് ഓര്‍ഡര്‍ വന്നിട്ടുള്ളത് ദിലീപിന് അനുകൂലമായിട്ടാണ്. അത്തരമൊരു വിധി വരുന്നതിന്റെ സാമൂഹിക പശ്ചാത്തലമെന്താണെന്ന് വെച്ചാല്‍, കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏത് വിഷയത്തിലും എന്തും പറയാം എന്ന അവസ്ഥയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇങ്ങനെയാണെന്നും അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘വിചാരണ എന്ന് പറയുന്നതില്‍ ഒരു പ്രസക്തിയുമില്ല. വാദിക്കുള്ളതുപോലെ തന്നെ പ്രതിക്കുമുണ്ടല്ലോ അവകാശങ്ങള്‍. എന്നാല്‍ ആ വസ്തുത മാധ്യമങ്ങള്‍ പാലിക്കുന്നില്ല. നിയമപരമായ വിഷയങ്ങളില്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ പാലിക്കുന്നില്ല. എല്ലാ മാധ്യമങ്ങളും അങ്ങനെയാണെന്നല്ല, മാന്യതയോടെ പ്രവര്‍ത്തിക്കുന്ന വേറെയും മാധ്യമങ്ങളുണ്ടായിരിക്കാം. ഈ സാഹചര്യത്തില്‍ കോടതിയ്ക്കുമുന്നില്‍ രണ്ട് ചോയ്‌സുകളാണുള്ളത്. ഒന്ന് നിയമവും വ്യക്തികളുടെ അവകാശങ്ങളും ലംഘിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുക. അല്ലെങ്കില്‍ ഇവരെ അതില്‍ നിന്ന് തടയുക. ഈ രണ്ട് ഓപ്ഷനെ കോടതികളുടെ മുന്നിലുള്ളു- ഹരീഷ് പറഞ്ഞു.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഓരോ വാര്‍ത്തയും പരിശോധിച്ച് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ പറ്റില്ല. അപ്പോള്‍ ഇതേയുള്ളു ഒരു മാര്‍ഗ്ഗം. അതിന്റെ ഭാഗമായി കോടതികള്‍ ഒരു ഗാഗ് ഓര്‍ഡറിട്ട് പൂര്‍ണ്ണമായും ഇത്തരം പ്രവണതകളെ നിരോധിക്കും. ഇതാണ് ദിലീപിന്റെ കേസില്‍ സംഭവിച്ചിരിക്കുന്നത്. ഇത് പ്രതികള്‍ക്ക് അനുകൂലമായിട്ടാണ് വരുന്നത്. പ്രത്യേകിച്ച് സമൂഹത്തില്‍ അധികാരവും പണവുമുള്ളവര്‍ക്ക്. അത് പലപ്പോഴും നീതിയുടെ നിഷേധമായിട്ട് മാറും. ഇതാണ് ഈ കേസില്‍ സംഭവിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ സത്യസന്ധമായിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ ഗാഗ് ഓര്‍ഡറിനെതിരെ അവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
ഈ കേസുകളില്‍ ഞങ്ങള്‍ക്ക് സത്യം പറയണമെന്നാഗ്രഹമുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതിയെ സമീപിക്കാനുള്ള എല്ലാവിധ അവകാശങ്ങളുമുണ്ട്. വിചാരണയുടെ സുതാര്യതയും ഇരയുടെ സംരക്ഷണവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഗാഗ് ഓര്‍ഡര്‍ നീക്കം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കോടതിയോട് ആവശ്യപ്പെടാവുന്നതാണ്- ഹരീഷ് പ്രതികരിച്ചു.
ഗാഗ് ഓര്‍ഡറും ചില വിവാദകേസുകളും
നടിയെ ആക്രമിച്ച കേസ് കൂടാതെ മാധ്യമങ്ങളുടെ ഇടപെടലിന് വിലക്കേര്‍പ്പടുത്തിയ മറ്റൊരു കേസാണ് ജലന്ധര്‍ പീഡനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗികാരോപണകേസിന്റെ വിചാരണ സമയത്തും കോടതി മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഈ അധികാരം ഉപയോഗിച്ചിരുന്നു. 2020 ആഗസ്റ്റ് 13 ന് കോട്ടയം സെഷന്‍സ് കോടതിയാണ് വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയത്.
കേസിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയും കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുമുള്ള മാധ്യമങ്ങളുടെ പ്രവൃത്തി കണക്കിലെടുത്തുകൊണ്ടായിരുന്നു അന്ന് കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കേസിനെപ്പറ്റിയുള്ള കൃത്യമായ ധാരണയില്ലെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ചയാക്കിയ സോളാര്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട വിചാരണക്കിടയിലും കോടതി ഗാഗ് ഓര്‍ഡര്‍ ഉത്തരവിട്ടിരുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചയുടനെ വ്യക്തിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന തരത്തില്‍ പത്രക്കുറിപ്പിറക്കിയതിനെ വിമര്‍ശിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക