എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ജെന്റില്‍മാനിലെ ‘ചിക്കുബുക്ക് റെയിലേ’ എന്ന പാട്ടിലൂടെയാണ് ജി.വി പ്രകാശിന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ നിരവധി സിനിമകളില്‍ ജി.വി. പ്രകാശ് പാടിയിട്ടുണ്ട്. 2006ല്‍ തന്റെ 19ാമത്തെ വയസിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകാകുന്നത്. വെയില്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ എല്ലാം ഹിറ്റായി മാറി.
2010ല്‍ റിലീസായ ആയിരത്തില്‍ ഒരുവന്‍ ജി.വി. പ്രകാശിന്റെ കഴിവ് പ്രകടിപ്പിച്ച സിനിമയായിരുന്നു. ചിത്രത്തിലെ ‘സെലിബ്രേഷന്‍ ഓഫ് ലൈഫ്’ എന്ന ബി.ജി.എം മാത്രം മതി അയാളിലെ കഴിവ് എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍. മദ്രാസ് പട്ടണം, ആടുകളം, ദൈവത്തിരുമകള്‍, മയക്കം എന്ന, തെരി, അസുരന്‍, ഗാങ്‌സ് ഓഫ് വസേപ്പൂര്‍ എന്നീ സിനിമകളിലെ സംഗീതം ഇന്നും ആളുകള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം പ്രകാശിനെ തേടി വന്നിട്ടില്ല എന്ന് പറയേണ്ടി വരും.
സൂര്യ- സുധാ കൊങ്കര എന്നിവര്‍ ഒന്നിച്ച സൂരറൈ പോട്രിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് ജി.വിപിയെ തേടിയെത്തി. കരിയറില്‍ വളരെ വൈകി ലഭിച്ച അംഗീകാരമാണ് അതെന്ന് തമിഴ് സിനിമാസംഗീതം ഫോളോ ചെയ്യുന്നവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയില്‍ അഭിനയത്തിലേക്ക് ശ്രദ്ധ കൊടുത്തത് മ്യൂസിക് ഡയറക്ഷനില്‍ തിരിച്ചടിയായി.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ മികച്ച വര്‍ക്കുകളുമായി അദ്ദേഹം അതിശയപ്പെടുത്തിക്കൊണ്ടിരുന്നു. ബാച്ചിലര്‍, സര്‍ദാര്‍, ക്യാപ്റ്റന്‍ മില്ലര്‍, വാത്തി എന്നീ സിനിമകള്‍ ജി.വി.പിയുടെ പാട്ടുകള്‍ സംഗീതപ്രേമികള്‍ ഏറ്റെടുത്തു. ആയിരത്തില്‍ ഒരുവന് ശേഷം പ്രകാശ് ചെയ്ത പീരീയോഡിക് ചിത്രം തങ്കലാനിലും സ്ഥിതി വ്യത്യസ്തമല്ല.
എ.ഡി. 1800ല്‍ നടക്കുന്ന കഥയെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതില്‍ ജി.വി.പിയുടെ സംഗീതം നല്‍കുന്ന ഇംപാക്ട് ചെറുതല്ല. ഇന്റര്‍വെല്ലിനോട് അടുക്കുമ്പോള്‍ വരുന്ന 20 മിനിറ്റ് സീനില്‍ ജി.വി.പിയുടെ സംഗീതം നല്‍കുന്ന മാജിക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. തമിഴ്‌നാട്ടിലെ നാടന്‍ സംഗീതോപകരണമായ ‘പാറൈ’യെ വളരെ മനോഹരമായാണ് പ്രകാശ് ഉപയോഗിച്ചിരിക്കുന്നത്.
മോഡേണ്‍ സബ്ജക്ടും പീരീയോഡിക് സബ്ജക്ടും ഒരുപോലെ മികച്ചതാക്കാന്‍ പ്രത്യേക കഴിവാണ് ജി.വി.പിക്ക് ഉള്ളത്. തന്റെ സമകാലീനരായ അനിരുദ്ധ്, ഇമ്മന്‍, വിജയ് ആന്റണി എന്നിവരില്‍ ജി.വി പ്രകാശിനെ വ്യത്യസ്തനാക്കുന്നതും ഈ കഴിവാണ്. അണ്ടര്‍റേറ്റഡ് എന്നതിന്റെ മറ്റൊരു പേരായി പലരും ജി.വി.പി എന്ന പേര് പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്. അറിഞ്ഞിറങ്ങിയാല്‍ അനിരുദ്ധിനെപ്പോലും വീഴ്ത്തി ഒന്നാം നമ്പറാകാന്‍ കെല്പുള്ള സംഗീത സംവിധായകന്‍ തന്നെയാണ് ജി.വി. പ്രകാശ് കുമാര്‍.
Content Highlight: G V Prakashkumar’s music in Thangalaan movie