കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയതൊന്നും എവിടെയും പറയുന്നില്ല; പൊതുമരാമത്ത് വകുപ്പിനെതിരെ ജി. സുധാകരന്‍
Kerala News
കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയതൊന്നും എവിടെയും പറയുന്നില്ല; പൊതുമരാമത്ത് വകുപ്പിനെതിരെ ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2023, 7:58 am

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രി ജി. സുധാകരന്‍. താന്‍ മന്ത്രിയായിരിക്കെ ആലപ്പുഴയില്‍ എട്ട് പാലങ്ങള്‍ക്ക് പണം അനുവദിക്കുകയും 70ല്‍ പരം പാലങ്ങള്‍ ഡിസൈന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ലെന്ന് സുധാകരന്‍ വിമര്‍ശിച്ചു. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സുധാകരന്റെ വിമര്‍ശനം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ശവക്കോട്ട, കൊമ്മാടി പാലങ്ങള്‍ക്ക് ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. ഈ രണ്ട് പാലങ്ങള്‍ അടക്കം എട്ട് പാലങ്ങള്‍ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചത്.

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്‍പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ എട്ട് പാലങ്ങളും, ജില്ലയില്‍ മൊത്തം 70ല്‍പ്പരം പാലങ്ങളുമാണ് ഡിസൈന്‍ ചെയ്തത്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്‍മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു.

ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്‍. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ട് പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാന്‍ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികള്‍ നികത്തി ടൈലിട്ട് പാലങ്ങള്‍ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പി.ഡബ്ല്യു.ഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.

കഴിഞ്ഞ സര്‍ക്കാരില്‍ ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഈ സര്‍ക്കാര്‍ വന്ന് 2021 ല്‍ തന്നെ പാലം പൂര്‍ത്തിയാക്കേണ്ടത് ആയിരുന്നു, എന്നാല്‍ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോയി. ഇപ്പോള്‍ പൂര്‍ത്തിയായത് ഏറെ ആശ്വാസകരമാണ്.

ഈ രണ്ടു പാലങ്ങള്‍ അടക്കം എട്ട് പാലങ്ങള്‍ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളില്‍ കഴിഞ്ഞ ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ ചെയ്ത് പണം അനുവദിച്ചത്.

ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്‍പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയില്‍ മൊത്തം 70ല്‍പ്പരം പാലങ്ങളുമാണ് ഡിസൈന്‍ ചെയ്തത്. ഇതുപോലെ കേരളത്തില്‍ മൊത്തം 500 പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്‍ പോലും കഴിഞ്ഞ ഗവണ്‍മെന്റ് ആലപ്പുഴയില്‍ കൊണ്ടുവന്നു.

ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്‍. ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ഇത് എത്രമാത്രം സഹായമാണ്. എന്നാല്‍ നിരന്തരം വരുന്ന വാര്‍ത്തകളില്‍ കഴിഞ്ഞ ഗവണ്‍മെന്റ് ഇതെല്ലാം നല്‍കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്‍മെന്റും ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ല.

Content Highlights: G sudhakaran against PWD