India
സി പി ഐ എം തെറ്റ് തിരുത്തുന്നില്ല: ജി ദേവരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2010 Jun 02, 05:56 pm
Wednesday, 2nd June 2010, 11:26 pm

ടതുപക്ഷ വിരുദ്ധ വികാരം പശ്ചിമ ബംഗാളിലെ ജനത ഇപ്പോഴും തീവ്രമായി തുടരുന്നുവെന്നാണ് ബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. രണ്ടാമത്തെ കാര്യം ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ ഒന്നായി എന്നതാണ്. മേല്‍ത്തട്ടില്‍ കോണ്‍ഗ്രസും തൃണമൂലും രണ്ടായാണ് മത്സരിച്ചെങ്കിലും അണികള്‍ ഇടതുപക്ഷത്തിനെതിരെ ഒന്നിച്ചു നിന്നു. പല മുനിസിപ്പാലിറ്റികളിലും ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥിക്കാണ് കോണ്‍ഗ്രസും തൃണമൂലും വോട്ട് ചെയ്തത്.

ഇടതുപക്ഷത്ത് നിന്ന് തെറ്റുതിരുത്തല്‍ വേണ്ട വിധം ഉണ്ടാവുന്നില്ല. തെറ്റു തിരുത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജനത്തിന് അത് ബോധ്യപ്പെടുന്നില്ല. സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും ജനങ്ങളിലേക്കെത്തുന്നില്ല. ജനം സി പി ഐ എം വിരുദ്ധ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ആര്‍ എസ് പിക്കും ഫോര്‍വേഡ് ബ്ലോക്കിനും വലിയ പരിക്കുകളൊന്നും പറ്റിയിട്ടില്ല. പലയിടത്തും അവര്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. സ്വാഭാവികമായും പരാജയത്തിന്റെ ഉത്തരവാദിത്വം സി പി ഐ എം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ മറ്റു കക്ഷികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നില്ല. സ്ഥിതിഗതികള്‍ ഈ നിലയിലാണ് പോകുന്നതെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വലിയ വില കൊടുക്കേണ്ടി വരും.

സിംഗൂരിനിം നന്ദിഗ്രാമിനും ശേഷം സി പി ഐ എം നടപ്പാക്കിയ തെറ്റുതിരുത്തല്‍ എത്രത്തോളം പ്രാബല്യത്തില്‍ വന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. സിംഗൂരില്‍ കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. ആര്‍ക്കും നഷ്ട പരിഹാരവും നല്‍കിയിട്ടില്ല. അവിടെ പുതിയൊരു പദ്ധതി കൊണ്ട് വരാനുമായിട്ടില്ല. മുന്നോട്ടോ പിന്നോട്ടോ പോകാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം ചെയ്ത് തീര്‍ക്കാനാകുമെന്ന് ഒരു പ്രതീക്ഷയുമില്ല.

ബംഗാളില്‍ 80ല്‍പരം നഗര സഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 19 ജില്ലകളുള്ള ബംഗാളില്‍ 17 ജില്ലകള്‍ വരും ഇത്. നഗര മധ്യവര്‍ഗത്തിന്റെ മനസ് സി പി ഐ എമ്മിനെതിരാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. ഈ ചിന്ത ഗ്രാമങ്ങളെയും സ്വാധീനിക്കും.

കേരളത്തില്‍ ഇടതുകക്ഷികളെ ഒരുമിപ്പിക്കുന്നതിന് പകരം സി പി ഐ എം എന്‍ സി പിയെ ഒപ്പം കൂട്ടാനാണ് ശ്രമിക്കുന്നത്. സി പി ഐ എം കേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ സമരം ചെയ്തത് എന്‍ സി പിയുടെ ഭക്ഷ്യമന്ത്രിയായ ശരത് പവാറിനെതിരെയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ എങ്ങിനെയാണ് സി പി ഐ എമ്മിന് ഒപ്പം കൂട്ടാനാവുക. സ്വത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന സി പി ഐ എം പി സി തോമസിനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നുവെന്നതും വിരോധാഭാസമാണ്. എല്‍ ഡി എഫ് പാര്‍ലിമെന്ററി ലാഭം മാത്രം കണ്ട്‌കൊണ്ടായിരിക്കരുത് മുന്നണി ബന്ധമുണ്ടാക്കേണ്ടത്. ദീര്‍ഘ കാലത്തേക്കായി വേണ്ട സമരമുന്നണിയായിരിക്കണമത്.

(ലേഖകന്‍ ബംഗാളില്‍ എല്‍ ഡി എഫ് ഘടകക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ സെക്രട്ടറിയാണ്)