തിരുവനന്തപുരം: കവിയൂര്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി. അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ചും ഇത് എങ്ങനെ വന്നു എന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചിരുന്നവെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെതിരെ അനഘയുടെ ചെറിയച്ഛനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് . സി.ബി.ഐ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. അതേസമയം അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന സി.ബി.ഐ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കോടതി തള്ളി.
രാഷ്ട്രീയ ഉന്നതര്‍ അടക്കമുള്ളവര്‍ അനഘയെ പീഡിപ്പിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്നായിരുന്നു സി.ബി.ഐ വാദം. ഈ ദിവസങ്ങളില്‍ പെണ്‍കുട്ടി വീടിന് പുറത്ത് പോയിട്ടില്ല. അതിനാല്‍ വീട്ടില്‍ വെച്ച് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു പ്രത്യകേ സി.ബി.ഐ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അച്ഛന്റെമോശമായ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തും സഹപാഠിയുമായ രമ്യയോട് അനഘ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
2004 നവംബര്‍ 28നാണ് അനഘയും കുടുംബവും വീട്ടില്‍ അത്മഹത്യ ചെയ്ത നലയില്‍ കണ്ടത്. കേസിലെ പ്രതിയും പെണ്‍വാണിഭക്കേസിലെ പ്രധാന കണ്ണിയുമായ ലതാനായര്‍ അനഘയുടെ വീട്ടില്‍ ഇടക്കിടെ വന്ന് താമസിച്ചിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.