Advertisement
petrol price hike
വീണ്ടൂം കൂട്ടി; ഡീസല്‍ വിലയും 90 കടന്നു; തിരുവനന്തപുരത്ത് 91.74 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 01, 03:46 am
Tuesday, 1st June 2021, 9:16 am

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളില്‍ 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തും കൊച്ചിയിലും ഡീസല്‍ വില 90 കടന്നു.

കൊച്ചിയില്‍ ഡീസലിന് ലിറ്ററിന് 90 രൂപ 18 പൈസയാണ് തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 91 രൂപ 74 പൈസയുമായി. പെട്രോളിനും വില കുതിച്ചുകയറുകയാണ്.

കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 59 പൈസയും തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 47 പൈസയുമാണ് വില. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയുമാണ് കൂട്ടിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ വില കുതിച്ചുകയറുകയായിരുന്നു.

വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്ന വാദമാണ് നിരന്തമായി വിലകൂട്ടുമ്പോള്‍ കേന്ദ്രം കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്ത് രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്ത് കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണ് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ റീട്ടെയ്ല്‍ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Fuel prices rise again in India