'ബി.ജെ.പി ചരിത്രപ്രധാനമായ റെക്കോഡുകള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ്'; പരിഹാസവുമായി അഖിലേഷ് യാദവ്
national news
'ബി.ജെ.പി ചരിത്രപ്രധാനമായ റെക്കോഡുകള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ്'; പരിഹാസവുമായി അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 11:17 pm

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ വിമര്‍ശനവും പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജി.ഡി.പി മുതല്‍ രാഷ്ട്രീയ ധാര്‍മികത വരെ കുത്തനെ ഇടിയുകയാണെന്നും ബി.ജെ.പി ചരിത്രപ്രധാനമായ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണെന്നും അഖിലേഷ് പരിഹസിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഭരണകാലയളവില്‍ ബി.ജെ.പി സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വീഴ്ചകളില്‍ ചരിത്രപ്രധാനമായ റെക്കോഡുകള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ്. സമ്പദ് വ്യവസ്ഥയില്‍ ജി.ഡി.പി, സാമൂഹ്യരംഗത്ത് സമുദായ സാഹോദര്യം, രാഷ്ട്രീയത്തില്‍ ധാര്‍മികത, ജനമനസ്സില്‍ പ്രതീക്ഷകള്‍ എന്നിവയെല്ലാം ഇടിയുകയാണ്.’- ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ ധനക്കമ്മി 102.4% ആയെന്നാണ് സി.ജി.എ റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഒരു വര്‍ഷത്തേക്കുള്ള ധനക്കമ്മി ടാര്‍ഗറ്റ് ഇതിനോടകം തന്നെ മറികടന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുകയാണെന്ന വാദത്തിന് ശക്തിപകരുന്നതാണ് സര്‍ക്കാര്‍ ഏജന്‍സി തന്നെ പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.48 ലക്ഷം കോടി രൂപയായിരുന്നു.

രാജ്യത്തെ ചെലവും വരുമാനവും തമ്മിലുള്ള അന്തരം 2019 ഒക്ടോബര്‍ 31 വരെ 7,20,445 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 2018-19 ബജറ്റ് എസ്റ്റിമേറ്റിന്റെ 103.9% ആയിരുന്നു കമ്മി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി കമ്മി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 7.03 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നു.