ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്; ചുവട് തെറ്റി ഷെട്ടാര്‍; 36000 വോട്ടുകള്‍ക്ക് തോല്‍വി
national news
ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്; ചുവട് തെറ്റി ഷെട്ടാര്‍; 36000 വോട്ടുകള്‍ക്ക് തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 12:41 pm

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് വന്ന മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാറിന് തോല്‍വി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ജയിച്ചുവന്ന ഹുബ്ബള്ളി ധാര്‍വാഡിലാണ് ഷെട്ടാര്‍ ഇത്തവണ തോറ്റിരിക്കുന്നത്.

36000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ മഹേഷ് തെന്‍ഗിനക്കായിയാണ് ഹുബള്ളിയില്‍ വിജയിച്ചത്. ബി.ജെ.പി തന്നെ ചതിച്ചുവെന്ന പ്രചരണ തന്ത്രമാണ് ഷെട്ടാര്‍ ഇവിടെ പയറ്റിയിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വവും അദ്ദേഹം രാജി വെച്ചിരുന്നു.

‘വലിയ വിഷമത്തോടെയാണ് ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നത്. ഈ പാര്‍ട്ടിയെ കെട്ടിപ്പെടുക്കാനും വളര്‍ത്താനും വളരെയധികം പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. ചില നേതാക്കളുടെ ചെയ്തികളാണ് എന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്,’ എന്നാണ് ഷെട്ടാര്‍ അന്ന് പറഞ്ഞത്.

തനിക്കെതിരെ വ്യക്തമായ ആസൂത്രണത്തോട് കൂടിയുള്ള ഗൂഢാലോചന നടന്നെന്നും ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ പാര്‍ട്ടി തന്നെ നിര്‍ബന്ധിതനാക്കുകയായിരുന്നെന്നും ഷെട്ടാര്‍ ആരോപിച്ചിരുന്നു.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടമാണ് നടക്കുന്നത്. നിലവില്‍ 129 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറി കൊണ്ടിരിക്കുകയാണ്. ബി.ജെ.പി- 68, ജെ.ഡി.എസ്- 22 എന്നിങ്ങനെയാണ് വോട്ട് നില.

content highlight: From BJP; Shettar missteps; Defeated by 36000 votes