പാലക്കാട്: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ പ്രതിഷേധവുമായി ഫ്രറ്റേണിറ്റ് മൂവ്‌മെന്റ്. കേസില്‍ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വാളയാറില്‍ നിന്നും പാലക്കാട് കളക്ട്രേറ്റിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തി.
എന്നാല്‍ പാലക്കാട് കലക്ട്രേറ്റില്‍ എത്തിയ മാര്‍ച്ച് ഗേറ്റിന് മുന്നില്‍ പൊലിസ് തടയുകയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന നേതാക്കളുടെ സംഘം വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ സന്ദര്‍ശിച്ച ശേഷമാണ് മാര്‍ച്ച് ആരംഭിച്ചത്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉയര്‍ത്തി പ്രതിഷേധം ശക്തമാവുകയാണ്.
നേരത്തെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.