Sports News
മെസിയോടും നെയ്മറിനോടും ക്ലബ്ബ് വിടാന്‍ പലരും പരസ്യമായി ആവശ്യപ്പെട്ടു, അവരത് ചെയ്തു; വിവാദങ്ങളില്‍ ഫ്രഞ്ച് കായിക മന്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 06, 05:24 am
Wednesday, 6th September 2023, 10:54 am

ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജെര്‍മെയ്‌നില്‍ താനും മെസിയും കളിച്ചിരുന്ന സമയങ്ങളില്‍ അസ്വസ്ഥരായിരുന്നുവെന്ന നെയ്മറിന്റെ പരാമര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ഫ്രഞ്ച് കായിക മന്ത്രിയായ അമേലിയ ഔഡിയ കാസ്റ്ററ.

‘പാരിസിനൊപ്പം, പ്രത്യേകിച്ച് ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ തിളങ്ങാത്തതില്‍ അവര്‍ നിരാശരാണ്. അതില്‍ അധികം വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമില്ല. ഒരു ചാമ്പ്യന്റെ നിരാശയാണ് നെയ്മറിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് കാരണം.

പാരിസിനൊപ്പം സീസണ്‍ അവസാനിക്കാറായപ്പോള്‍ നെയ്മറും മെസിയും ക്ലബ്ബിന്റെ ഉള്ളില്‍ നിന്നും പരിഹാസങ്ങള്‍ നേരിട്ടു. പലരും ഇരുവരും ക്ലബ്ബ് വിടാന്‍ പരസ്യമായി ആവശ്യപ്പെട്ടു. അത് അവര്‍ ചെയ്തു. കാസ്റ്റെറ കൂട്ടിച്ചേര്‍ത്തു. മുണ്ടോ ഡിപ്പോര്‍ട്ടീവോയിലൂടെയാണ് കായിക മന്ത്രി ഈ പരാമര്‍ശം നടത്തിയത്.

ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നില്ല. ലയണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരടങ്ങിയ ഏറ്റവും മികച്ച ആക്രമണനിരയുണ്ടായിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല.

ഇവര്‍ ഒരുമിച്ച് കളിച്ച രണ്ട് സീസണുകളില്‍ രണ്ട് ലീഗ് വണ്‍ കിരീടങ്ങള്‍ നേടിയെങ്കിലും, യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് 16 കടക്കാന്‍ സാധിച്ചിരുന്നില്ല.

ഈയടുത്ത് ജി ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രസീലിയന്‍ താരം ടീമില്‍ തങ്ങള്‍ നിരാശരാണെന്നുള്ള പ്രസ്താവന നടത്തിയത്.

‘മെസിക്ക് പാരീസില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. എന്നാല്‍ അതേ സമയം അവന്‍ ഒരു നാണയത്തിന്റെ ഇരുവശവും ജീവിച്ചതിനാല്‍ വളരെ സങ്കടപ്പെട്ടു. അവന്‍ അര്‍ജന്റീന ടീമിനൊപ്പം സ്വര്‍ഗത്തിലേക്ക് പോയി എന്നാല്‍ പാരീസിനൊപ്പം അവന്‍ നരകത്തില്‍ ജീവിച്ചു. അവനും ഞാനും നരകത്തിലാണ് ജീവിച്ചത്. നെയ്മര്‍ പറഞ്ഞു.

‘ഞങ്ങള്‍ അസ്വസ്ഥരായിരുന്നു, ഞങ്ങള്‍ ടീമിനൊപ്പം മികച്ച പ്രകടനം നല്‍കാന്‍ ആണ് വന്നത്. ചാമ്പ്യന്മാരാകാനും ചരിത്രം സൃഷ്ടിക്കാനും ആണ് ഞങ്ങള്‍ വീണ്ടും ഒരുമിച്ച് കളിച്ചത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അത് നേടാനായില്ല’ നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

2021 ലാണ് മെസി ബാഴ്‌സ വിട്ട് പാരിസില്‍ ചേര്‍ന്നത്. എന്നാല്‍ ബാഴ്‌സയില്‍ ഇരുവരും നടത്തിയപോലുള്ള പ്രകടങ്ങള്‍ കാഴ്ചവെക്കാന്‍ പാരീസില്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പി.എസ്.ജിയില്‍ 45 മത്സരങ്ങളാണ് മെസിയും നെയ്മറും ഒരുമിച്ച് കളിച്ചത്. 11 ഗോളുകളാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

 

CONTENT HIGHLIGHT; French Sports Minister reacts on Neymar’s statement