ക്ലാസിക് പോരാട്ടത്തില്‍ ഫെഡററെ വീഴ്ത്തി; നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍
French Open
ക്ലാസിക് പോരാട്ടത്തില്‍ ഫെഡററെ വീഴ്ത്തി; നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2019, 8:39 pm

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സിലെ ക്ലാസിക് പോരാട്ടത്തില്‍ റോജര്‍ ഫെഡററെ വീഴ്ത്തി റഫേല്‍ നദാല്‍ ഫൈനലില്‍. മൂന്നു സെറ്റിലും ആധിപത്യത്തോടെയായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 6-3, 6-4, 6-2

ഇതു പന്ത്രണ്ടാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ എത്തുന്നത്. ഇതുവരെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാല്‍ തോറ്റ ചരിത്രമില്ല.

ഒരിക്കല്‍ പോലും മുന്നേറ്റം സാധ്യമാക്കാനാകാതെ വലഞ്ഞ ഫെഡറര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചെങ്കിലും നദാലിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

ഗ്രാന്‍സ്ലാം വേദികളില്‍ ഇരുവരും മുഖാമുഖമെത്തിയ 39 മല്‍സരങ്ങളില്‍ നദാലിന്റെ 24ാം ജയമാണിത്.

ഇതോടെ 2015നുശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണില്‍ കിരീടം തേടിയിറങ്ങിയ ഇതിഹാസ താരം റോജര്‍ ഫെഡററിന്റെ കുതിപ്പിന് സെമിഫൈനലോടെ വിരാമമായി.

അതേസമയം വനിതകളുടെ സെമിഫൈനലില്‍ യൊഹാന്ന കോണ്ടമാര്‍കേറ്റയ്ക്ക് തോല്‍വി. മാര്‍കേറ്റ വോന്‍ഡ്രുസോവയോടാണ് യൊഹാന്ന പരാജയം വഴങ്ങിയത്. സ്‌കോര്‍ 7-5,7-6.(2) ഓസ്ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടിയാണ് ഫൈനലില്‍ മാര്‍കേറ്റ വോന്‍ഡ്രുസോവയുടെ എതിരാളി.