ഖത്തറില്‍ പോയി കളിക്കുമ്പോള്‍ അവരുടെ രീതികളെ ബഹുമാനിക്കണം, മറ്റുള്ളവരെ പഠിപ്പിക്കാനിറങ്ങുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ അവസ്ഥ കൂടി നോക്കുന്നത് നന്നായിരിക്കും: ഫ്രാന്‍സ് ഫെഡറേഷന്‍ പ്രസിഡന്റ്
ഖത്തറില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ വണ്‍ ലവ് ക്യാമ്പെയ്‌നിന്റെ ഭാഗമായി ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് റെയ്ന്‍ബോ ബാന്‍ഡ് ധരിച്ച് കളിക്കേണ്ടതില്ലെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് നോയല്‍ ലെ ഗാരത്. മറ്റ് യൂറോപ്യന്‍ ടീമുകള്‍ പിന്തുണക്കുന്നത് പോലെ തങ്ങള്‍ ആ ക്യാമ്പെയിന്റെ ഭാഗമാകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായിട്ടാണ് വണ്‍ ലവ് ക്യാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലണ്ട് അടക്കമുള്ള നിരവധി യൂറോപ്യന്‍ ടീമുകള്‍ ഈ ക്യാമ്പെയ്‌നിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മഴവില്‍ നിറത്തിലുള്ള ഹൃദയ ചിഹ്നത്തില്‍ ഒന്ന് (വണ്‍) എന്ന് ആലേഖനം ചെയ്ത ആം ബാന്‍ഡ് ആയിരിക്കും ഈ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ധരിക്കുക.
ഇംഗ്ലണ്ട്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ ടീമുകള്‍ ഇതിനോടകം തന്നെ ക്യാമ്പെയ്നിന്റെ ഭാഗമായിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ ഇതിന്റെ ഭാഗമാകേണ്ടന്നാണ് ഫ്രാന്‍സിന്റെ തീരുമാനം.
‘ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. എന്നിരുന്നാലും ഇത് ധരിക്കേണ്ട എന്ന് മാത്രമേ ഞാന്‍ അവനോട് (ഹ്യൂഗോ ലോറിസ്) പറയുകയുള്ളൂ’ എല്‍ എക്വിപ്പേക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാരത് പറഞ്ഞു.
‘നമ്മള്‍ മറ്റൊരു രാജ്യത്ത് ചെന്നാണ് കളിക്കുന്നത്, അതുകൊണ്ട് അവരുടെ രീതികളെ ബഹുമാനിക്കേണ്ടതുണ്ട്. ഇനി ഞങ്ങള്‍ അത് ധരിക്കേണ്ടതുണ്ടെങ്കില്‍ ഞങ്ങള്‍ അതിന് തയ്യാറാവും.
ഞാന്‍ ഈ ആം ബാന്‍ഡിനെ അനുകൂലിക്കുന്നില്ല എന്നല്ല, പക്ഷേ ചില സമയങ്ങളില്‍ മറ്റ് രാജ്യങ്ങളെ പലതും പഠിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ സ്വന്തം രാജ്യത്ത് എന്തൊക്കെ സംഭവിക്കുന്നു എന്നും നമ്മള്‍ പരിശോധിക്കണം,’ ഗാരത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആം ബാന്‍ഡിന്റ കാര്യത്തില്‍ ഗാരത്തിന്റെ നിലപാട് തന്നെയാണ് ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിസിനുമുള്ളത്.
ഫിഫയുടെ നിയമപ്രകാരം ആം ബാന്‍ഡുകളിലും മറ്റും അവരവരുടേതായ ഡിസൈന്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും ടീമുകളെ വിലക്കിയിട്ടുണ്ട്. ഗവേണിങ് ബോഡി നല്‍കുന്ന എക്യുപ്മെന്റുകളായിരിക്കണം ടീം ഉപയോഗിക്കേണ്ടത് എന്നാണ് ചട്ടം.
‘നമ്മളായി എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ് നമുക്ക് ഫിഫയുടെ അനുമതി വേണം, ഫ്രഞ്ച് ഫെഡറേഷന്റെ അനുമതിയും ആവശ്യമാണ്. ഈ വിഷയത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. അത് ഫെഡറേഷന്‍ പ്രസിഡന്റിന്റെ തീരുമാനത്തോടും കാഴ്ചപ്പാടുകളോടും ഏകദേശം ചേര്‍ന്നുനില്‍ക്കുന്നതുമാണ്.
ഫ്രാന്‍സിലായിരിക്കുമ്പോള്‍ വിദേശികളെ സ്വീകരിക്കുന്നതിനൊപ്പം അവര്‍ ഞങ്ങളുടെ നാട്ടിലെ നിയമങ്ങള്‍ പാലിക്കണമെന്നും സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും തന്നെയാണ് ആഗ്രഹിക്കുന്നത്.
ഞങ്ങള്‍ ഖത്തറിലേക്ക് പോകുമ്പോള്‍ ഇതുതന്നെയാണ് ചെയ്യാന്‍ പോകുന്നത്. എനിക്കവരുടെ ആശയങ്ങളോട് ശക്തമായി യോജിക്കാനോ വിയോജിക്കാനോ സാധിക്കും. പക്ഷേ ഞാനതിനോട് ബഹുമാനം കാണിക്കണം, പരിശീലനത്തിനിടെ താരം മാധ്യമങ്ങളോട് പറഞ്ഞു.