ഫിഫ ലോകകപ്പ് ഖത്തർ എഡിഷന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടത്തിൽ മുത്തമിട്ടിരുന്നു.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.
മുമ്പ് 1978, 1986 എന്നീ വർഷങ്ങളിൽ ലോകകപ്പ് നേടിയതിന് ശേഷം നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്ക് അദേഹത്തിന്റെ കരിയറിൽ പ്രധാനപെട്ട എല്ലാ ക്ലബ്ബ്, ഇന്റർനാഷണൽ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചു.
എന്നാൽ മത്സരത്തിൽ അർജന്റീന ജയിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് ഫ്രഞ്ച് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വന്നത്. മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ ദിവസം പാരിസ്, ലിയോൺ അടക്കമുള്ള സിറ്റികളിൽ ഫ്രഞ്ച് ആരാധകർ കലാപം അഴിച്ച് വിട്ടിരുന്നു.
കൂടാതെ ഫ്രഞ്ച് ടീമിലെ ആഫ്രിക്കൻ വംശജരായ കളിക്കാർക്കെതിരെയും പെനാൽട്ടി നഷ്ടമാക്കിയതിന്റെ പേരിൽ ഫ്രഞ്ച് ആരാധകർ വംശീയ ആക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു.
എന്നാലിപ്പോൾ പുതിയൊരു വിചിത്ര ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ ആരാധകർ. ഫ്രാൻസ്-അർജന്റീന ഫൈനൽ മത്സരം വീണ്ടും നടത്തണമെന്നതാണ് ഫ്രഞ്ച് ആരാധകർ ഉയർത്തുന്ന പുതിയ ആവശ്യം.
ഇതിനായി ‘മെസ്ഒപ്പീനിയൻസ്’ (mesopinions)എന്ന വെബ്സൈറ്റിലൂടെ ഏകദേശം രണ്ട് ലക്ഷം പേരാണ് ഫിഫക്ക് പെറ്റീഷൻ നൽകിയിരിക്കുന്നത്.
മത്സരത്തിൽ ഗോളുകൾ അനുവദിക്കപ്പെട്ടതിൽ അനാസ്ഥയുണ്ടായെന്ന കാരണം നിരത്തിയാണ് ഫൈനൽ മത്സരം രണ്ടാമത് നടത്തണമെന്ന് ഫ്രഞ്ച് ആരാധകർ ആവശ്യപ്പെട്ടത്.
France launch petition to get World Cup final replayed, nearly 200,000 have signed it. pic.twitter.com/1BAbCp57Ox
— SPORTbible (@sportbible) December 23, 2022
മത്സരത്തിലെ ഡി മരിയ സ്കോർ ചെയ്ത രണ്ടാം ഗോളിന് മുമ്പ് ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെ ഫൗൾ ചെയ്യപ്പെട്ടിരുന്നെന്നും അത് കൊണ്ട് ആ ഗോൾ അനുവദിച്ചു കൊടുക്കരുതെന്നുമാണ് ഫ്രഞ്ച് ആരാധകർ മത്സരം വീണ്ടും നടത്താനായി ഉന്നയിക്കുന്ന പ്രധാന വാദം.
മെസ്ഒപ്പീനിയൻസിലൂടെയുള്ള ഓപ്പൺ പെറ്റീഷന് വലിയ സ്വീകാര്യതയാണ് ഫ്രാൻസ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഫുട്ബോളിൽ മത്സരം പരാജയപ്പെടുമ്പോൾ ഇത്തരത്തിൽ പെറ്റീഷനുകൾ ഉയർന്ന് വരുന്നത് പുതിയ കാര്യമല്ല.
2020 യൂറോകപ്പിൽ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോട് പരാജയപ്പെട്ടപ്പോഴും ടോട്ടൻഹാമിനെതിരെയുള്ള ചെൽസിയുടെ മത്സരത്തിൽ റഫറി ആന്റണി ടെയ്ലർക്കെതിരെയും സമാനമായ തരത്തിൽ മുമ്പ് ഓൺലൈൻ പെറ്റീഷനുകൾ ഉയർന്ന് വന്നിട്ടുണ്ട്.
Content Highlights:French fans want Argentina-France rematch; Two lakh people have signed the petition