ബാഴ്സയെ യൂറോപ്പാ ലീഗിൽ നിന്നും പുറത്താക്കി; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് വൻ അഭിനന്ദന പ്രവാഹം
football news
ബാഴ്സയെ യൂറോപ്പാ ലീഗിൽ നിന്നും പുറത്താക്കി; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് വൻ അഭിനന്ദന പ്രവാഹം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 8:20 am

യൂറോപ്പാ ലീഗിലെ പ്രീ ക്വാർട്ടർ ക്വാളിഫിക്കേഷൻ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണയെ തകർത്ത് വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

2-2 സമനിലയിൽ അവസാനിച്ച ആദ്യപാദ മത്സരത്തിന് ശേഷം ഓൾഡ് ട്രാഫോർഡിൽ വെച്ച് നടന്ന നിർണായകകമായ രണ്ടാം പാദ മത്സരത്തിൽ ആദ്യം ഗോൾ നേടി മുന്നിലെത്താൻ സാധിച്ചെങ്കിലും പിന്നീട് രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി ബാഴ്സ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.

മത്സരം 18 മിനിട്ട് പിന്നിട്ടപ്പോൾ അനുവദിച്ചു കിട്ടിയ പെനാൽട്ടി റോബർട്ടോ ലെവൻഡോസ്കി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സക്ക് മത്സരത്തിൽ ആധിപത്യം ലഭിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന യുണൈറ്റഡ് ബാഴ്സയെ ചാമ്പ്യൻസ് ലീഗിന് പിന്നാലെ യൂറോപ്പയിൽ നിന്നും പുറത്താക്കുകയായിരുന്നു.

ബ്രസീലിയൻ താരങ്ങളായ ഫ്രഡ്‌, ആന്റണി എന്നിവരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയ ഗോൾ സ്വന്തമാക്കിയത്.
എന്നാലിപ്പോൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച യുണൈറ്റഡിന്റെ മധ്യനിര താരമായ ഫ്രഡിന് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

കളി 47 മിനിട്ട് പിന്നിട്ടപ്പോൾ ബോക്സിന്റെ മൂലയിൽ നിന്നും ഫ്രഡ്‌ തൊടുത്തു വിട്ട ഒരു ഷോട്ടാണ് യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. തുടർന്ന് മൈതാനം മുഴുവൻ നിറഞ്ഞു കളിച്ച ഫ്രഡ്‌ ബാഴ്സ മുന്നേറ്റ നിരക്കും തുടർച്ചയായി തലവേദന സൃഷ്ടിച്ചു.

പത്തിൽ പത്ത് മാർക്കും നൽകേണ്ട പ്രകടനം, പാസ്റ്റർ ഫ്രഡ്‌ ബാഴ്സയെ ചർച്ചിലേക്കെത്തിച്ചു, ഇതാണ് യഥാർത്ഥ ഫ്രഡ്‌ തുടങ്ങിയ നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം മത്സരത്തിൽ വിജയിച്ചതോടെ യുണൈറ്റഡിന് ഇനി യൂറോപ്പാ ലീഗ് പ്രീ ക്വാർട്ടർ കളിക്കാം. ബാഴ്സ യൂറോപ്പാ കോൺഫറൻസ് ലീഗിലാണ് ഇനി മത്സരിക്കുക.

പ്രീമിയർ ലീഗിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 49 പോയിന്റോടെ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള മാൻ യുണൈറ്റഡ്, ഫെബ്രുവരി 24ന് ഇ.എഫ്.എൽ കപ്പ് ഫൈനലിൽ ന്യൂ കാസിൽ യുണൈറ്റഡിനെയാണ് അടുത്തതായി നേരിടുക.


ലാ ലിഗയിൽ 22 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സ ഫെബ്രുവരി 24ന് അൽമിറയെയാണ് അടുത്തതായി എതിരിടുക.

 

Content Higlights: fred recieved many  appreciations from united fans