തിരുവനന്തപുരം: കെ.എസ്.ഇ.ബി വെബ്‌സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ്. സൈറ്റ് ഉപയോഗിച്ച് ഉപഭാക്താക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
കെ.എസ്.ഇ.ബി ചെയര്‍മാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
കെ.എസ്.ഇ.ബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയാണ് ഹൈ ടെക് സംഘം തട്ടിപ്പ് നടത്തിയത്. സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പ്.
സൈറ്റില്‍ കയറുന്നവര്‍ക്ക് ഉപഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പറും സെക്ഷന്‍ ഓഫീസും തെരഞ്ഞെടുത്താല്‍ മാത്രമേ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കൂവെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, കണ്‍സ്യൂമര്‍ നമ്പര്‍ അറിഞ്ഞില്ലെങ്കിലും ഏതെങ്കിലും നമ്പര്‍ വഴി ഉപഭോക്താവിന്റെ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കും. ഇതുവഴിയാണ് ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘം ചോര്‍ത്തിയത്.
ഉപഭോക്താക്കള്‍ ഏത് ദിവസം പണമടച്ചു, പണമടച്ചില്ലെങ്കില്‍ എന്ന് കണക്ഷന്‍ റദ്ദാക്കും തുടങ്ങിയ എല്ലാ വിവരങ്ങളും സൈറ്റിലൂടെ ലഭിക്കും. പിന്നീട് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ക്വിക് പെയിലേക്ക് കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയ ശേഷം പണമടച്ചതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.
കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഉപഭോക്താക്കളെ വിളിച്ച് ബില്ലില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ഉടന്‍ പണമടച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് പറയുന്നതുമാണ് ഇവരുടെ സ്ഥിരം രീതി.
ഉപഭോക്താവിന് വിശ്വാസ്യത വരാന്‍ എന്ന് കണക്ഷന്‍ എടുത്തു ഏത് ദിവസം അവസാനമായി ബില്ലടച്ചു തുടങ്ങിയ വിവരങ്ങളും സംഘം പറഞ്ഞ് കൊടുക്കുന്നുണ്ട്. ഇതിനുശേഷം ഉപഭോക്താവിന് ഒരു എസ്.എം.എസ് സന്ദേശം അയക്കുകയും അതില്‍ കാണുന്ന ലിങ്കിലൂടെ പണമടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.
വിളിക്കുന്നത് കെ.എസ്.ഇ.ബിയില്‍ നിന്നാണെന്ന് വിശ്വസിച്ച് പലരും ഇതിനോടകം തന്നെ പണമടച്ച് വെട്ടിലായിട്ടുണ്ട്.
കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സൈറ്റില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതേസമയം, ക്വിക്ക് പെയില്‍ പോയാല്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ലഭിക്കില്ലെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴും ഉപഭോക്താക്കളുടെ വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ സൈറ്റില്‍ നിന്നെടുക്കാം.