'2013ല്‍ ഞാനായിരുന്നു ബാലണ്‍ ഡി ഓര്‍ അര്‍ഹിച്ചിരുന്നത്, ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പകല്‍കൊള്ളയായിരുന്നു ആ പുരസ്‌കാരം'; തുറന്നുപറഞ്ഞ് ഫ്രാങ്ക് റിബറി
ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഒരു സീസണിലെ ഏറ്റവും മികച്ച പ്ലെയറിനും അദ്ദേഹം ടീമില്‍ ഉണ്ടാക്കിയ ഇംപാക്റ്റും പരിഗണിച്ചാണ് അവാര്‍ഡ് കൊടുക്കാറുള്ളത്.
മെസി-റൊണാള്‍ഡൊ യുഗത്തില്‍ ഇരുവരെയും മറികടന്ന ബാലണ്‍ ഡി ഓര്‍ നേടിയത് ക്രൊയേഷ്യന്‍ താരമായ ലൂകാ മോഡ്രിച്ച് മാത്രമാണ്. 2008 മുതലുള്ള 14 ബാലണ്‍ ഡി ഓര്‍ അവാര്‍ഡില്‍ 12 എണ്ണവും ലഭിച്ചത് മെസി-റോണോ എന്നിവര്‍ക്കാണ്. മെസി ഏഴെണ്ണം കരസ്ഥമാക്കിയപ്പോള്‍ റോണോ അഞ്ചെണ്ണം സ്വന്തമാക്കി.
എന്നാല്‍ ഇതിനിടെ പല താരങ്ങളും ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ദാനത്തിനെതിരെ തിരിയാറുണ്ട്. ഇപ്പോഴിതാ 2013 ബാലണ്‍ ഡി ഓര്‍ നേടാന്‍ തനിക്കാണ് അര്‍ഹതയുണ്ടായിരുന്നതെന്ന വാദവുമായി വന്നിരിക്കുകയാണ് ഫ്രാന്‍സിന്റെ സ്‌ട്രൈക്കറായ ഫ്രാങ്ക് റിബറി.
സമാനമായ അഭിപ്രായം മുമ്പും പ്രകടിപ്പിച്ചിട്ടുള്ള ഫ്രാങ്ക് റിബറി കഴിഞ്ഞ ദിവസം ഗസറ്റ ഡെല്ല സ്‌പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തിലാണ് ആ വര്‍ഷം റൊണാള്‍ഡോക്ക് പുരസ്‌കാരം നല്‍കിയത് അനീതിയാണെന്നു വെളിപ്പെടുത്തിയത്.
‘അത് അനീതിയായിരുന്നു. എന്നെ സംബന്ധിച്ച് അസാധാരണ സീസണായിരുന്നു അത്, ഞാനാ പുരസ്‌കാരം നേടേണ്ടിയിരുന്നു. അവര്‍ വോട്ടിങ്ങിന്റെ സമയം നീട്ടി, വിചിത്രമായ എന്തൊക്കെയോ സംഭവിച്ചു. അതൊരു രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പായിരുന്നു,’ റിബറി അഭിമുഖത്തില്‍ പറഞ്ഞു.
ബയേണ്‍ മ്യൂണിക്കിനൊപ്പം ആ സീസണില്‍ ട്രെബിള്‍ കിരീടങ്ങള്‍ നേടാന്‍ റിബറിക്ക് കഴിഞ്ഞിരുന്നു. 43 മത്സരങ്ങളില്‍ നിന്നും 11 ഗോളുകള്‍ നേടിയ താരം ടീമിന്റെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. പുരസ്‌കാരത്തിനുള്ള വോട്ടിങ് അവസാനിക്കുന്ന തീയതി ആദ്യം തീരുമാനിച്ചത് നവംബര്‍ 15ന് ആയിരുന്നെങ്കിലും പിന്നീടത് നവംബര്‍ 29 വരെ നീട്ടുകയായിരുന്നു.