മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടത്തിന് പിന്നാലെയുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിശദീകരണവുമായി ഫ്രാന്‍സ് ഫുട്‌ബോള്‍ എഡിറ്റര്‍ ഇന്‍ ചീഫ് പാസ്‌കല്‍ ഫെറെ. മെസിക്കായിരുന്നില്ല താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കായിരുന്നു മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെടാന്‍ താന്‍ വോട്ട് ചെയ്തതെന്നും ഫെറെ അറിയിച്ചു.
ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനാണ് എല്ലാ തവണയും ബാലണ്‍ ഡി ഓര്‍ ചടങ്ങ് സംഘടിപ്പിക്കാറുള്ളത്.
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് തീര്‍ത്തും ജനാധിപത്യപരമായ രീതിയിലാണ് നടക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ജനാധിപത്യമായ രീതിയിലാണ് നിര്‍ണയിക്കുന്നത്. ജൂറിയിലെ 170 അംഗങ്ങളും മെസിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. എന്നാല്‍ എന്റെ കണക്കില്‍ മെസിയായിരുന്നില്ല ഒന്നാമത്, ഞാന്‍ ലെവന്‍ഡോസ്‌കിക്കാണ് വോട്ട് ചെയ്തത്,’ ഫെറെ പറഞ്ഞു.
നേരത്തെ ഫെറെക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണോള്‍ഡോ രംഗത്തെത്തിയിരുന്നു. മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി വിരമിക്കണമെന്ന് താന്‍ പറഞ്ഞുവെന്ന ഫെറെയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു ക്രിസ്റ്റിയാനോ രംഗത്തെത്തിയത്.
പാസ്‌കല്‍ നുണപറയുകയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാസികയ്ക്കും പ്രശസ്തി ലഭിക്കുന്നതിനുവേണ്ടി എന്റെ പേര് ഉപയോഗപ്പെടുത്തി. ഇത്രയും വലിയ പുരസ്‌കാരം നല്‍കുന്ന മാസികയുടെ എഡിറ്റര്‍ ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു റൊണോള്‍ഡോ പറഞ്ഞത്.
ഈ സാഹചര്യത്തില്‍ കൂടിയാണ് ഫെറെയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
613 വോട്ടുകള്‍ നേടിയാണ് മെസി ഇത്തവണ ബാലണ്‍ ഡി ഓറിന് അര്‍ഹനായത്. രണ്ടാമനായ ലെവന്‍ഡോസ്‌കിക്ക് 580 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.
40 കളികളില്‍ നിന്നുമായി 48 ഗോളുകളും 9 അസിസ്റ്റുമാണ് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണില്‍ നേടിയത്. ടീമിന് ബുന്ദസ് ലീഗ നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച താരം ജര്‍മന്‍ ഇതിഹാസം ഗ്രെഡ് മുള്ളറിന്റെ റെക്കോര്‍ഡും തകര്‍ത്തിരുന്നു.