2024 പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിന്നും അര്‍ജന്റീന പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഫ്രാന്‍സ് സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിന് ശേഷം ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തിയ മത്സരം കൂടിയായതിനാല്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഇതിനെ നോക്കി കണ്ടത്.
മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ഫ്രഞ്ച് പട അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് പന്തെത്തിക്കുകയായിരുന്നു. ജീന്‍ ഫിലിപ്പ് മറ്റേറ്റയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. തുടക്കത്തില്‍ തന്നെ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.
അര്‍ജന്റീനയുടെ പോസ്റ്റിന്റെ ഈ വലതുഭാഗത്ത് നിന്നും ലഭിച്ച കോര്‍ണറില്‍ നിന്നും അര്‍ജന്റീനയുടെ പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി കൊണ്ടാണ് മറ്റേറ്റ ലക്ഷ്യം കണ്ടത്. ബാക്കിയുള്ള നിമിഷങ്ങളിലെല്ലാം ഈ ഒറ്റ ഗോളിന്റെ ലീഡ് ഫ്രാന്‍സ് നിലനിര്‍ത്തുകയായിരുന്നു.
⚽ @Argentina 🇦🇷 0 🆚 #Francia 🇫🇷 1 (Jean-Philippe Mateta)
👉 Final del partido. pic.twitter.com/lg4XTYfvi9
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) August 2, 2024
അര്‍ജന്റൈന്‍ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് ഫ്രാന്‍സിന്റെ പ്രതിരോധവും മികച്ചു നിന്നതോടെ മത്സരം പൂര്‍ണമായും ഫ്രാന്‍സ് സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ അര്‍ജന്റീനയുടെ താരങ്ങളും ഫ്രാന്‍സിന്റെ താരങ്ങളും ഗ്രൗണ്ടില്‍ ഏറ്റുമുട്ടുന്ന സംഭവവികാസങ്ങള്‍ക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലിലെ മറ്റൊരു ത്രില്ലര്‍ പോരാട്ടത്തില്‍ സ്‌പെയ്ന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തികൊണ്ട് സെമിയിലേക്ക് കുതിച്ചിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ മൊറോക്കോ സ്‌പെയ്‌നിനെ നേരിടും. ഓഗസ്റ്റ് ആറിന് നടക്കുന്ന മത്സരത്തില്‍ ഈജിപ്ത്താണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
Content Highlight: France Beat Argentina In Paris Olympics 2024