പാരീസ്: ഫ്രാന്‍സ് എതിര്‍ക്കുന്നത് ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെയാണ് അല്ലാതെ ഇസ്‌ലാം മതത്തെയല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരന്മാരുടെ ജീവനെടുത്തെന്നും അല്‍ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.
” ഞാന്‍ നിരവധി നുണകള്‍ കാണുന്നുണ്ട്. ഇതിലെല്ലാം വ്യക്തത വരുത്തേണ്ടത് ആവശ്യവുമാണ്. ഫ്രാന്‍സ് ഇപ്പോള്‍ ചെയ്യുന്നത് ഭീകരവാദത്തെ എതിര്‍ക്കുകയാണ്”, എന്നും ഫ്രഞ്ച് പ്രസിഡന്റ് അല്‍ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതുകൊണ്ട് മുസ്‌ലിങ്ങളുടെ ഇടയിലുണ്ടായ ഞെട്ടല്‍ താന്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ റാഡിക്കല്‍ ഇസ്‌ലാമുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണ്, പ്രത്യേകിച്ചും മുസ്‌ലിങ്ങള്‍ക്കെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” മതവികാരം ഞാന്‍ മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ റോളിനെക്കുറിച്ച് നിങ്ങളും മനസിലാക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിനൊപ്പം തന്നെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ചുമതല കൂടി എനിക്കുണ്ട്.”, മാക്രോണ്‍ പറഞ്ഞു.
ഞാന്‍ എപ്പോഴും, സ്വതന്ത്രമായി ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും, വരയ്ക്കാനുമുള്ള എന്റെ രാജ്യത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദമായ ക്യാരിക്കേച്ചര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതല്ല. അത് ഒരു സ്വതന്ത്ര മാധ്യമസ്ഥാപനത്തില്‍ നിന്നുമുണ്ടായതാണ്. ആ പത്രത്തിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. ഷാര്‍ലി ഹെബ്‌ദോ മാഗസിന്‍ വിവാദങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.