തെറ്റുപറ്റി, വിമര്‍ശനം കടുത്തപ്പോള്‍ സിസ്റ്റര്‍ അഭയകൊല്ലപ്പെട്ടതല്ലെന്ന പ്രസ്താവനയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഫാ.നായ്ക്കാംപറമ്പില്‍
Kerala News
തെറ്റുപറ്റി, വിമര്‍ശനം കടുത്തപ്പോള്‍ സിസ്റ്റര്‍ അഭയകൊല്ലപ്പെട്ടതല്ലെന്ന പ്രസ്താവനയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഫാ.നായ്ക്കാംപറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th January 2021, 9:05 am

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണുമരിച്ചതാണെന്നുമുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫാ.മാത്യു നായ്ക്കാംപറമ്പില്‍.

പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഫാദര്‍ മാത്യു നായ്ക്കാംപറമ്പില്‍ രംഗത്തെത്തിയത്. തനിക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തെ വേണ്ടത്ര മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇത് പലര്‍ക്കും വിഷമമുണ്ടാക്കിയത് മനസിലാക്കുന്നുവെന്നും അതിനാല്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും ഫാദര്‍ പറഞ്ഞു.

”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിസ്റ്റര്‍ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്‌സ്ആപ്പ് സന്ദേശത്തെക്കുറിച്ച് വേണ്ടത്ര മനസിലാക്കാതെ ആരാധനയ്ക്കിടയില്‍ ഞാന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസിലാക്കുന്നു. അതേകുറിച്ച് ഞാന്‍ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബങ്ങളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നു,”

കഴിഞ്ഞ ദിവസങ്ങളിലാണ് സിസ്റ്റര്‍ അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് താന്‍ കൊല്ലപ്പെട്ടതല്ലെന്ന് വെളിപ്പെടുത്തിയെന്ന് ഫാ.മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞത്. അഭയയുടെ ആത്മാവ് മറ്റൊരു കന്യാസ്ത്രീക്ക് പ്രത്യക്ഷപ്പെട്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന വാട്സ്ആപ്പ് സന്ദേശം കണ്ടുവെന്ന് പറഞ്ഞുകൊണ്ടായിരന്നു ഫാ.നായ്ക്കാംപറമ്പലിന്റെ പ്രസംഗം.

‘അടുത്ത ദിവസങ്ങളില്‍ ഒരു വാട്സ്ആപ്പ് വാര്‍ത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റര്‍ അഭയയെ കുറിച്ച് വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല.

ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല്‍ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു.

അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായി.’ എന്നായിരുന്നു ഫാ.മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞത്.
ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫാ.മാത്യുവിന്റെ പ്രസംഗത്തിനെതിരെ കന്യാസ്ത്രീ സമൂഹത്തില്‍ നിന്നുള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
. ‘അഭയക്കൊപ്പം ഞാനും’എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ടീന ജോസ് സി.എം.സിയാണ് ഫാ. മാത്യു നായ്ക്കാംപറമ്പിലിനെതിരെ രംഗത്തെത്തിയത്.

എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന അഭിനിവേശവുമായി സഭ രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് ഫാ.മാത്യു നായ്ക്കാംപറമ്പലിന്റെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്നത്.

അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെല്ലാം ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോട്ടൂരിനെയും സെഫിയെയും രക്ഷിക്കാനുള്ള കുതന്ത്രമാണ്. എത്രയോ ബീഭത്സവും വൃത്തികെട്ടതുമായ രീതിയാണ് സഭ ഇപ്പോഴും അവലംബിക്കുന്നത് എന്നോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നാണ് സി.ടീന പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സിസ്റ്ററുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fr. Mathew Naickomparambil apologize about his Sr. Abaya Murder