Entertainment
പൃഥ്വി അറിയാതെ സുപ്രിയ അവരുടെ ഫ്‌ളാറ്റില്‍ പാര്‍ട്ടി വെച്ചു, പൃഥ്വി അക്കാര്യം പറഞ്ഞതും ഞാന്‍ സ്റ്റക്കായി: എമ്പുരാന്‍ എഡിറ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 09:30 am
Friday, 11th April 2025, 3:00 pm

ലൂസിഫറിന്റെ സ്‌പോട്ട് എഡിറ്ററായ അഖിലേഷനെയായിരുന്നു എമ്പുരാന്റെ എഡിറ്ററായി പൃഥ്വി നിയമിച്ചത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അഖിലേഷിനെ തേടി ആ അവസരം എത്തുന്നത്.

എങ്ങനെയാണ് എമ്പുരാനിലേക്ക് എത്തിയതെന്ന് പറയുകയാണ് അഖിലേഷ്. പൃഥ്വിരാജ് അറിയാതെ സുപ്രിയ അവരുടെ ഫ്‌ളാറ്റില്‍ ഒരുക്കിയ ഒരു സര്‍പ്രൈസ് പാര്‍ട്ടിയെ കുറിച്ചും അഖിലേഷ് മോഹന്‍ സംസാരിക്കുന്നുണ്ട്.

‘ എമ്പുരാനിലേക്ക് എത്തുന്നത് ഒരു കഥയാണ്. ലൂസിഫര്‍ നടക്കുന്ന സമയത്ത്, ഒരു പകുതി ആയപ്പോഴാണ് രാജുവേട്ടന്‍ എന്നോട് അടുത്ത ഒരു പടം നീ ഇന്‍ഡിപെന്റഡ് ആയി ചെയ്‌തോ എന്ന് പറയുന്നത്.

ഷാജുവേട്ടന്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ. ഈ സമയത്ത് ലൂസിഫറിന്റെ എഡിറ്റ് നടക്കുകയാണ്. മാര്‍ച്ച് 28 ന്റെ പത്ത് ദിവസം മുന്‍പ് ബ്രദേഴ്‌സ് ഡേ ഷൂട്ട് തുടങ്ങും. ഇതിന്റെ വര്‍ക്കാണെങ്കില്‍ കഴിഞ്ഞിട്ടുമില്ല.

ബ്രദേഴ്‌സ് ഡേയുടെ സ്‌പോട്ട് എഡിറ്റില്‍ വേണമെന്ന് ഷാജോണ്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. എനിക്കാണെങ്കില്‍ പോകാന്‍ പറ്റില്ല. കാരണം ഇത് ഫൈനലാക്കി തിയേറ്ററില്‍ എത്തിക്കണമല്ലോ.

ആ സമയത്ത് രാജുവേട്ടന്‍ തന്നെ ഷാജോണ്‍ ചേട്ടനെ വിളിച്ചിട്ട് ഒരു പത്ത് ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യണം, അക്കു ഇതെല്ലാം സെറ്റ് ആക്കി തിയേറ്റില്‍ എത്തിച്ചിട്ടേ വരൂ എന്ന് പറഞ്ഞു.

ഒന്നുകൊണ്ടും പേടിക്കണ്ട, രാജു ഇഷ്ടം പോലെ ഭംഗിയായി ചെയ്തിട്ട് ഹാപ്പിയായിട്ട് അവനെ ഇങ്ങ് വിട്ടാല്‍ മതി. തത്ക്കാലം തത്ക്കാലം ആരെയെങ്കിലും സ്‌പോട്ട് എഡിറ്റിന് വിട്ടാല്‍ മതിയെന്ന് പറഞ്ഞു. ഞാന്‍ ഒരാളെ അയക്കുകയും ചെയ്തു.

ലൂസിഫര്‍ റീലീസ് കഴിഞ്ഞ് പിറ്റേന്ന് ഞാന്‍ ബ്രദേഴ്‌സ് ഡേയില്‍ ജോയിന്‍ ചെയ്തു. അവിടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു മെയ് 1 ന് , അന്ന് അവധിയാണ്.

അന്നത്തെ ദിവസം സുപ്രിയ മാഡം രാജുവേട്ടന്റെ കൂടെ നിന്ന അസി.ഡയറക്ടേഴ്‌സ ടീം ഉണ്ടല്ലോ അവര്‍ക്ക് ഒരു പാര്‍ട്ടി പ്ലാന്‍ ചെയ്തു. അത് രാജുവേട്ടന്‍ അറിയാതെയാണ് പ്ലാന്‍ ചെയ്തത്. അവരുടെ ഫ്‌ളാറ്റില്‍ വെച്ച്.

വാവക്ക തുടങ്ങി ഡയറക്ഷന്‍ ടീമിനെ എല്ലാവരേയും വിളിച്ചിട്ടുണ്ട്. ഈ പരിപാടിയിലേക്ക് എന്നെയുണ്ട് വാവക്ക വിളിക്കുന്നു. നീ വരണമെന്ന് പറഞ്ഞു. ലാസ്റ്റ് ടൈമില്‍ ഞാന്‍ ഡയറക്ഷന്‍ ടീമായി നിന്ന് വര്‍ക്ക് ചെയ്തതുകൊണ്ടായിരിക്കാം എന്നേയും വിളിച്ചത്.

ആ ടീമില്‍ അതില്‍ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റാത്തത് ഞാനേ ഉള്ളൂ എന്ന് തോന്നി. വരണോ എന്ന് ചോദിച്ചപ്പോള്‍ അക്കുവിനെ കൂട്ടാന്‍ സുപ്രിയ മാഡം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.

പിന്നെ ഞങ്ങള്‍ എല്ലാവരും നല്ല കമ്പനിയാണ്. അവിടെ എത്തിയതും ഞങ്ങളെ കണ്ടപ്പോള്‍ രാജുവേട്ടന്‍ എന്താ പരിപാടി എന്ന് ചോദിച്ചു. അങ്ങനെ സര്‍പ്രൈസ് ഒക്കെ പൊട്ടിച്ചു.

എന്നാ പിന്നെ ഇരിക്ക് വര്‍ത്തമാനം പറയാമെന്ന് പറഞ്ഞു. അപ്പോഴാണ് പുള്ളി ലൂസിഫര്‍ ഇത്രയും ഹിറ്റായതുകൊണ്ട് അതിന്റെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് പറയുന്നത്.

മറ്റു സിനിമകളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും എമ്പുരാന്‍ ചെയ്യാന്‍ തീരുമാനിക്കുകയാണെന്നും പറഞ്ഞു. ഇതേ ടീം എന്റെ കൂടെ വേണമെന്ന് പറഞ്ഞു.

ഇതിന്റെ ഇടയ്ക്ക് സംവിധാനം ചെയ്യേണ്ടവര്‍ക്ക് ചെയ്യാമെന്നും അത് ചെയ്താലും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ വേണമെന്നും പറഞ്ഞു. ഈ ടീമില്‍ യാതൊരു മാറ്റവും ഇല്ല. പിന്നെ ഒരു മാറ്റം എന്താണെന്ന് വെച്ചാല്‍ അക്കുവായിരിക്കും ഇതിന്റെ എഡിറ്റര്‍ എന്ന് പറഞ്ഞു.

ഞാന്‍ ആകെ സ്റ്റക്ക് ആയിപ്പോയി. അപ്പോള്‍ ആ പാര്‍ട്ടി എനിക്ക് വേണ്ടിയുള്ളതാണെന്ന് തോന്നിപ്പോയി. ഇവരൊക്കെ ഇത് കേട്ട് കയ്യടിച്ചു. അത് കഴിഞ്ഞ് വണ്ടിയില്‍ വരുമ്പോള്‍ അവര്‍ അത് പറയുകയും ചെയ്തു. ഇതിപ്പോള്‍ അക്കുവിന് വേണ്ടി നടത്തിയ പാര്‍ട്ടിയായല്ലോ എന്ന് (ചിരി)

ആദ്യം ഞാന്‍ അധികപ്പറ്റായിട്ടാണ് എനിക്ക് തോന്നിയത്. കാരണം ഡയറക്ഷന്‍ ടീമിനുള്ള പാര്‍ട്ടിയല്ലേ. പക്ഷേ അത് എന്റെ പാര്‍ട്ടിയായി മാറി.

ഇത് ഞാന്‍ ആരോടും പറഞ്ഞില്ല. കാരണം സിനിമയല്ലേ മാറ്റങ്ങള്‍ സംഭവിക്കാം. അത് അങ്ങനെ പോട്ടെ എന്ന് കരുതി. ചിലര്‍ പുറത്തുനിന്നൊക്കെ അറിഞ്ഞിട്ട് എന്നോട് ചോദിക്കും. ഇല്ല, ഉറപ്പില്ല എന്നൊക്കെയാണ് അന്ന് പറഞ്ഞു. നടന്നിട്ട് പറയാമെന്ന് കരുതി,’ അഖിലേഷ് പറയുന്നു.

Content Highlight: Empuraan Editor Akhilesh about Supriya Menon’s Surprise Party and Prithviraj