രാഷ്ട്രപതി നാല് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു
Daily News
രാഷ്ട്രപതി നാല് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2015, 9:59 am

Pranap-Mukharjeeന്യൂദല്‍ഹി: നാല് പുതിയ ഗവര്‍ണര്‍മാരെ രാഷ്ട്രപതി ചൊവ്വാഴ്ച്ച നിയമിച്ചു. ബി.ജെ.പി നേതാക്കളായ തഥാഗത റോയ്, ദ്രൗപതി മുര്‍മു, വി.ഷണ്‍മുഖന്ദന്‍, യഥാക്രമം ത്രിപുര, ജാര്‍ഖണ്ഡ് , മേഘാലയ എന്നിവിടങ്ങളില്‍ ഗവര്‍ണറായി നിയമിതരായി. ജെ.പി റഖോവയെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായും നിയമിച്ചു. യു.പി.എ ഭരണ കാലത്ത് നിയമിതരായ രണ്ട് ഗവര്‍ണര്‍മാരെ സ്ഥലംമാറ്റി.

അരുണാചല്‍ പ്രദേശില്‍ 2013 മുതല്‍ ഗവര്‍ണറുടെ ചുമതലയിലുണ്ടായിരുന്ന ലഫ്റ്റനന്റ് ജനറല്‍(റിട്ട) നിര്‍ഭയ് ശര്‍മയെ മിസോറാമിലെ ഗവര്‍ണറായി നിയമിച്ചു. മിസോറാമില്‍ ഗവര്‍ണര്‍മാര്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും 2018ല്‍ കാലാവധി അവസാനിക്കുമെന്നറിയിച്ചുകൊണ്ടാണ് ഇദ്ദേഹത്തെ മിസോറാമിലേക്ക് മാറ്റിയിരിക്കുന്നത്. 2011ല്‍ നിയമിതനായ ജാര്‍ഖണ്ഡിലെ ഗവര്‍ണര്‍ സയ്യിദ് അഹമ്മദിനെ അടുത്തമാസം സെപ്റ്റംബറില്‍ കാലാവധി തീരുമെന്ന മുന്നറിയിപ്പോടെ മണിപ്പൂരിലേക്ക് മാറ്റി.

ഒഡീഷയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് മുര്‍മു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ മുര്‍മു നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. 2000ല്‍ റായ്‌റങ്ക്പൂരില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് തഥാഗത റോയ്. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ഇദ്ദേഹം. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത ദക്ഷിണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി നേതാവും മുന്‍ സംഘം ഭാരവാഹിയുമാണ് വി.ഷണ്‍മുഖന്ദന്‍. റഖോവ 1968 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ. വിരമിച്ചതിനുശേഷം വടക്ക് കിഴക്ക് പ്രദേശത്തെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുയാളാണ്.