റൊണാൾഡോയടക്കമുള്ള റയൽ താരങ്ങളാരുമല്ല, പരിശീലിപ്പിച്ചതിൽ മികച്ച താരം അവനാണ്: മുൻ റയൽ കോച്ച്
Football
റൊണാൾഡോയടക്കമുള്ള റയൽ താരങ്ങളാരുമല്ല, പരിശീലിപ്പിച്ചതിൽ മികച്ച താരം അവനാണ്: മുൻ റയൽ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd August 2024, 8:53 pm

ഫുട്‌ബോളില്‍ പരിശീലിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച താരമാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ റാഫേല്‍ ബെനിറ്റ്‌സ്. മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവന്‍ ജെറാഡിനെയാണ് റാഫേല്‍ പരിശീലിപ്പിച്ച മികച്ച താരമായി തെരഞ്ഞെടുത്തത്. ടോക്സ്‌പോര്‍ടിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ റയല്‍ താരം.

‘ ഞാന്‍ പരിശീലിപ്പിച്ചതില്‍ ഏറ്റവും മികച്ച കളിക്കാരന്‍ സ്റ്റീവിയാണ്. കാരണം ഞാന്‍ റയല്‍ മാഡ്രിഡില്‍ ആയിരുന്നപ്പോള്‍ എനിക്ക് അങ്ങനെ പറയാന്‍ ആരുമില്ല. എന്നാല്‍ ഇപ്പോള്‍ എനിക്കത് പറയാന്‍ കഴിയും. വ്യക്തമായും അത് സ്റ്റീവന്‍ ജെറാഡാണ്,’ ബെനിറ്റ്‌സ് പറഞ്ഞു.

സ്റ്റീവന്‍ ജെറാഡിന്റെ കളിക്കളത്തിലെ മികച്ച പ്രകടനങ്ങളെക്കുറിച്ചും മുന്‍ റയല്‍ പരിശീലകന്‍ പറഞ്ഞു.

‘അവന്‍ വളരെ മികച്ച താരമായിരുന്നു. കളിക്കളത്തില്‍ അദ്ദേഹത്തിന് വളരെയധികം എനർജി ഉണ്ടായിരുന്നു. ജെറാഡിന് ബോക്‌സില്‍ കയറാനും ഫുള്‍ ബാക്കായി കളിക്കാനും സാധിക്കുമായിരുന്നു. അവന്‍ ആഗ്രഹിക്കുന്നത് എന്തും കളിക്കളത്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു,’ റാഫേല്‍ കൂട്ടിചേര്‍ത്തു.

2004 മുതല്‍ 2010 വരെയാണ് റാഫേല്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളിന്റെ പരിശീലകനായി ചുമതലയേറ്റിട്ടുള്ളത്. ലിവര്‍പൂളിന്റെ മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി കൊണ്ടാണ് ഫുട്‌ബോള്‍ ലോകത്ത് ശ്രെദ്ധ നേടിയത്. റാഫേലിന്റെ കീഴില്‍ 292 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ മുന്‍ ഇംഗ്ലണ്ട് താരം 104 ഗോളുകളും 73 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

ലിവര്‍പൂളിനൊപ്പം 710 മത്സരങ്ങള്‍ കളിച്ച പരിചയ സമ്പത്തുന്ന താരമായിരുന്നു ജെറാഡ്. റെഡ്‌സിനായി 186 ഗോളുകളും 155 അസിസ്റ്റുമാണ് ജെറാഡ് നേടിയത്. ഒമ്പത് കിരീടങ്ങളാണ് താരം ലിവര്‍പൂളിനൊപ്പം നേടിയത്.

സ്പാനിഷ് വമ്പന്‍മാരായ റയലില്‍ ഒരുപിടി മികച്ച താരങ്ങളെ പരിശീലിപ്പിച്ച കോച്ചായിരുന്നു റാഫേല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്, കരിം ബെന്‍സിമ, ലൂക്ക മോഡ്രിച്ച് തുടങ്ങിയ മികച്ച താരങ്ങളെ പരിശീലിപ്പിച്ചിട്ടും സ്പാനിഷ് പരിശീലകന്‍ ജെറാഡിനെ തെരഞ്ഞെടുത്തത്
ഏറെ ശ്രദ്ധേയമായി.

 

Content Highlight: Former Real Madrid Coach Talks About Stevan Gerard