ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായാണ് ബാലണ്‍ ഡി ഓര്‍ വിലയിരുത്തപ്പെടുന്നത്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോയുമടക്കം നിരവധി താരങ്ങളാണ് ബാലണ്‍ ഡി ഓറിന്റെ കിരീടം ശിരസില്‍ അണിഞ്ഞത്.
വിഖ്യാതനായ താരമായിരുന്നിട്ട് കൂടിയും തന്റെ കരിയറില്‍ ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ ലഭിക്കാതെ പോയ താരമാണ് സെര്‍ജിയോ റാമോസ്. എന്നാല്‍ 2018ല്‍ താരം ബാലണ്‍ ഡി ഓറിനായി ഉന്നതരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2018ലെ ബാലണ്‍ ഡി ഓറിനായി സ്പാനിഷ് ഫുട്‌ബോള്‍ പ്രസിഡന്റായ ലൂയിസ് റുബിയാലെസിനോട് താരം സഹായമഭ്യര്‍ത്ഥിച്ചിരുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
മുന്‍ റയല്‍ മാഡ്രിഡ് നായകനും നിലവിലെ പി.എസ്.ജി താരവുമായ റാമോസും റുബിയാലെസും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എല്‍ കോണ്‍ഫിഡന്‍ഷ്യലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018ലായിരുന്നു ഇക്കാര്യത്തെ കുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. റാമോസിനെ സംബന്ധിച്ച് 2018 കരിയര്‍ ബെസ്റ്റായിരുന്ന കാലഘട്ടം കൂടിയായിരുന്നു.
2018 തന്നെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നുവെന്നും യുവേഫ, ബാലണ്‍ ഡി ഓര്‍ എന്നീ കമ്മിറ്റികളില്‍ റൂബിയാലെസിനുള്ള ബന്ധങ്ങള്‍ തനിക്കു വേണ്ടി ഉപയോഗിക്കണമെന്നുമാണ് റാമോസ് ആവശ്യപ്പെടുന്നത്. പുരസ്‌കാരം നേടാനായാല്‍ താന്‍ എന്നെന്നും കടപ്പാടുള്ളവനാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.