Cricket
ധോണിക്കൊപ്പം അവൻ ഉണ്ടായിരുന്നു, രോഹിതിനൊപ്പവും ടീമിന് കരുത്ത് പകരാൻ അവന് കഴിയും: സുനിൽ ഗവാസ്കർ
ഐ.സി.സി ഏകദിന ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.
അശ്വിന് ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിർണായകമായ പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് ഗവാസ്കർ പറഞ്ഞത്.
‘ലോകകപ്പിൽ അശ്വിൻ മധ്യഓവറുകളിൽ ഇന്ത്യയുടെ പ്രധാന ഘടകമായി മാറും. ഇന്ത്യൻ ടീമിന് എതിരാളികളെ കുറഞ്ഞ ടോട്ടലിൽ എറിഞ്ഞിടാൻ കഴിയുമെന്നതിനാൽ മത്സരത്തിൽ വലിയ കൂട്ടുകെട്ടുകൾ കെട്ടി ഉയർത്താൻ സ്പിന്നർമാർ അനുവദിക്കുകയില്ല. മധ്യഓവറുകളിൽ പന്ത് പിച്ചിൽ നിന്നും തിരിയുകയോ വ്യതിചലിക്കുകയോ ചെയ്യാത്തപ്പോൾ കളിക്കാർക്ക് മികച്ച രീതിയിൽ കളിക്കാൻ കഴിയുന്ന പിച്ച് ഏതാണെണ് ടീം മനസിലാക്കണം. ഈ സാഹചര്യത്തിലാണ് അശ്വിൻ ടീമിന്റെ കൂടെയുള്ളത് ഇന്ത്യക്ക് മുതൽകൂട്ട് ആവുക. അശ്വിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. എന്നാൽ അശ്വിനെ വലിയ മത്സരങ്ങളിൽ ടീമിനൊപ്പം കളിപ്പിക്കുമോ എന്ന് ഉറപ്പില്ല. മിഡിൽ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള താരമാണ് അവൻ വലിയ പാട്ണർഷിപ്പുകൾ തകർക്കാനും എതിർ ടീമിന്റെ ടോട്ടൽ പരിമിതപ്പെടുത്താനും സാധിക്കും’, ഗവാസ്കർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അവസാന നിമിഷത്തിലാണ് അശ്വിൻ ടീമിൽ ഇടംനേടിയത്. പരിക്കേറ്റ ഓൾ റൗണ്ടർ അക്‌സർ പട്ടേലിന് പകരമായാണ് അശ്വിൻ ടീമിൽ സ്ഥാനം നേടിയത്.
ലോകകപ്പിന് മുന്നോടിയായി നടന്ന ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലെ മികച്ച പ്രകടനവും താരത്തിന് ഇന്ത്യൻ ലോകകപ്പ് ടീമിലേക്കുള്ള വാതിൽ തുറക്കാൻ കാരണമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അശ്വിൻ ഏകദിനത്തിലേക്ക് മടങ്ങിയെത്തിയത്. മടങ്ങി വരവ് ഗംഭീരമാക്കാനും ലോകകപ്പ് ടീമിൽ ഇടം നേടാനും താരത്തിന് സാധിച്ചത് ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളിൽ നിന്നും നാല് വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്.
2011ൽ ഇന്ത്യയിൽ വെച്ച് ധോണിയുടെ ടീം ലോകകപ്പ് നേടുമ്പോൾ അശ്വിൻ ടീമിൽ ഉണ്ടായിരുന്നു. നീണ്ട 12 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിലെത്തിനിൽക്കുമ്പോൾ രോഹിതിനൊപ്പവും അദ്ദേഹത്തിന് കിരീടം നേടാൻ സാധിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.
ലോകകപ്പിൽ ഒക്ടോബർ എട്ടിന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Former player Sunil Gavaskar praised Indian spinner Ashwin who made it to the World Cup team.