വിരാട് പാകിസ്ഥാനെ തല്ലിയൊതുക്കി, അവരെ സല്യൂട്ട് ചെയ്യേണ്ടി വന്നു; കസേര തെറിച്ചതിന് പിന്നാലെ പ്ലേറ്റ് തിരിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാര്‍
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ. പി.സി.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ വിരാടിന്റെ പ്രകടനത്തെ പ്രശംസിച്ച് റമീസ് രാജ രംഗത്തെത്തിയത്.
2022 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനോടേറ്റ പരാജയത്തിന്റെ അപമാന ഭാരവും പേറിയായിരുന്നു ഇന്ത്യ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്.
എന്നാല്‍ ഒരുവേള ഇന്ത്യ പരാജയം മുന്നില്‍ കണ്ടിരുന്നു. 160 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 31ന് നാല് എന്ന നിലയില്‍ ഉഴറിയിരുന്നു. എന്നാല്‍ വിരാട് കോഹ്‌ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അപരാജിത ഇന്നിങ്‌സും അവസാന നിമിഷത്തില്‍ ആര്‍. അശ്വിന്റെ മനസാന്നിധ്യവുമായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
വിരാട് കോഹ്‌ലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു അത്. പുറത്താകാതെ 82 റണ്‍സ് നേടിയ വിരാട് ഇന്ത്യയെ നാല് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
അന്ന് വിരാടിന്റെ പ്രകടനത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകത്തെ പല മഹാരഥന്‍മാരും എത്തിയിരുന്നു. എന്നാല്‍ ആ മത്സരം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കിപ്പുറം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റമീസ് രാജ.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
വിരാടിന്റെ മികച്ച ഇന്നിങ്‌സ് മാത്രമല്ല, പാകിസ്ഥാന്‍ കാര്യങ്ങളെ ആവശ്യമില്ലാതെ വിശകലനം ചെയ്ത് സമ്മര്‍ദ്ദത്തിലകപ്പെട്ടെന്നും റമീസ് രാജ പറയുന്നു.
‘പാകിസ്ഥാനെതിരെ മികച്ച പ്രകടനമായിരുന്നു വിരാട് കോഹ്‌ലി നടത്തിയത്. അതൊരു വേള്‍ഡ് ക്ലാസ് ഇന്നിങ്‌സായിരുന്നു. ടീം സമ്മര്‍ദ്ദത്തിലായിരുന്നിട്ടുകൂടിയും അദ്ദേഹം അപകടകരമായ ഷോട്ടുകള്‍ കളിച്ചു. പാകിസ്ഥാനാകട്ടെ കാര്യങ്ങള്‍ ആവശ്യമില്ലാതെ വിശകലനം ചെയ്ത് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു.
അവസാന ഓവറില്‍ ഇന്ത്യക്ക് 16 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. നാല് ബൗണ്ടറിയോ മൂന്ന് സിക്‌സറോ സ്വന്തമാക്കിയിരുന്നെങ്കില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു. നമുക്കാകെ ചെയ്യാന്‍ സാധിച്ചത് അവരെ സല്യൂട്ട് ചെയ്യുക എന്നത് മാത്രമാണ്. പാകിസ്ഥാന്‍ കാര്യങ്ങള്‍ ഓവര്‍ അനലൈസ് ചെയ്യുകയും സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയുമായിരുന്നു,’ റമീസ് രാജ പറഞ്ഞു.
ഏറെ നാടകീയമായ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു പിറന്നത്. ഒരു സിക്‌സറും രണ്ട് വിക്കറ്റും നോബോളുമായി അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരമായിരുന്നു അത്.
വിരാടിന്റെ വെടിക്കെട്ടിനൊപ്പം പാകിസ്ഥാന്റെ മൈന്‍ഡ് ഗെയിമിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ അശ്വിന്‍ അവസാന പന്തില്‍ നേടിയ സിംഗിളിലൂടെ വിജയം ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നു.
Content Highlight: Former PCB chairman Ramiz Raja praises Virat Kohli