സഞ്ജു ഇപ്രാവശ്യവും ഡ്രിങ്ക്‌സും കൊടുത്ത് സ്ഥലവും കണ്ട് വരേണ്ടി വരും; ദയയില്ലാതെ കടുത്ത വാക്കുകളുമായി പാക് സൂപ്പര്‍ താരം
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആരാധകരില്‍ മുറുമുറുപ്പുണ്ടായിരുന്നു. ഏറെ നാളായി കളിക്കളത്തിന് വെളിയില്‍ നില്‍ക്കുന്നവരും ഏകദിനത്തില്‍ ഫ്‌ളോപ്പായവരും ഒറ്റ അന്താരാഷ്ട്ര ഏകദിനം പോലും കളിക്കാത്തവരും നേരിട്ട് സ്‌ക്വാഡിന്റെ ഭാഗമായതിനെയാണ് ആരാധകര്‍ വിമര്‍ശിച്ചത്.
ഇതിനൊപ്പം തന്നെ സഞ്ജു സാംസണെ തഴഞ്ഞതിലുള്ള അമര്‍ഷവും ആരാധകര്‍ രേഖപ്പെടുത്തിയിരുന്നു. ഏകദിനത്തില്‍ മികച്ച സ്റ്റാറ്റ്‌സ് ഉണ്ടായിരിക്കുമ്പോഴും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
ഏഷ്യ കപ്പിനുള്ള 17 അംഗ സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ലെങ്കിലും സഞ്ജു ടീമിനൊപ്പം സഞ്ചരിക്കും. ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയിട്ടാണ് സഞ്ജു ടീമിനൊപ്പം ചേരുക.
ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണ് അവസരം ലഭിക്കാത്തതില്‍ തന്റെ പ്രതികരണമറിയിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ. സഞ്ജുവിന് അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അത് മുതലാക്കാന്‍ കഴിയാത്തതാണ് താരത്തിന് വിനയായതെന്നുമാണ് കനേരിയ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.
‘സഞ്ജു സാംസണ്‍ ഇത്തവണയും ഡ്രിങ്ക്‌സുമായി നടക്കേണ്ടി വരും. സഞ്ജുവിനോട് ചെയ്യുന്നത് അനീതിയാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ അതിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ സാധിക്കില്ല.
സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിരുന്നു. ആ അവസരങ്ങള്‍ രണ്ട് കൈകള്‍ കൊണ്ടും വിടാതെ പിടിക്കാനും മുതലാക്കാനും അവന്‍ ശ്രമിക്കണമായിരുന്നു. ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ,’ കനേരിയ പറഞ്ഞു.
ഓഗസ്റ്റ് 30നാണ് ഏഷ്യാ കപ്പ് 2023ന് കൊടിയേറുന്നത്. സെപ്റ്റംബര്‍ 17നാണ് കലാശപ്പോരാട്ടം. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.
പാകിസ്ഥാനും നേപ്പാളുമാണ് ഏഷ്യന്‍ മാമാങ്കത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് 31ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും.
സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.
ട്രാവലിങ് സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍
Content Highlight: Former Pakistan spinner Danish Kaneria about Sanju Samson