പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പാകിസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ല എന്ന ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു റമീസ് രാജ തിരിച്ചടിച്ചത്.
എന്നാലിപ്പോള്‍ റമീസ് രാജയുടെ പ്രസ്താവനക്കെതിരെ മുന്‍ പാക് താരം ഡാനിഷ് കനേരിയ രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പ് ബഹിഷ്‌കരിക്കാനും മാത്രം ധൈര്യം പി.സി.ബിക്കില്ലെന്നാണ് ഡാനിഷ് കനേരിയ പറഞ്ഞത്.
‘ലോകകപ്പ് ബഹിഷ്‌കരിക്കാനും മാത്രം ധൈര്യം പി.സി.ബിക്കില്ല. പാക്കിസ്ഥാന്‍ കളിക്കാന്‍ ചെന്നില്ലെങ്കില്‍ ഇന്ത്യക്കൊരു ചുക്കുമില്ല. ഇന്ത്യക്ക് വലിയ മാര്‍ക്കറ്റ് ഉണ്ട്. കളി ബോയ്‌കോട്ട് ചെയ്താല്‍ അത് പാകിസ്ഥാനെ തന്നെ ബാധിക്കും.
അവസാനം പാക്കിസ്ഥാന് ഇന്ത്യയിലേക്ക് പോകേണ്ടി വരും. ഐ.സി.സിയില്‍ നിന്നും നല്ല സമ്മര്‍ദമുണ്ടെന്നാണ് പി.സി.ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ഐ.സി.സി ഇവന്റില്‍ നമ്മുടെ ക്രിക്കറ്റ് ടീം പങ്കെടുക്കില്ല എന്ന് പറയുന്നത് പാകിസ്ഥാനെയാകെ തന്നെയാണ് വേദനിപ്പിക്കുന്നത്,’ കനേരിയ പറഞ്ഞു.
ഇന്ത്യയോടൊപ്പം ചേര്‍ന്ന് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും പാകിസ്ഥാനിലെ ഏഷ്യാകപ്പ് ബഹിഷ്‌കരിച്ചേക്കാമെന്ന മുന്നറിയിപ്പും റമീസ് രാജക്ക് കനേരിയ നല്‍കി.
പാകിസ്ഥാന്‍ ലോകകപ്പ് കളിക്കാന്‍ വരാത്ത പക്ഷം ഒരാള്‍ പോലും ലോകകപ്പ് മത്സരങ്ങള്‍ കാണില്ലെന്നും പാകിസ്ഥാനില്‍ വന്ന് ടൂര്‍ണമെന്റ് കളിച്ചാല്‍ മാത്രമേ തങ്ങള്‍ ലോകകപ്പിന് വരികയെന്നുമാണ് റമീസ് രാജ നേരത്തെ പറഞ്ഞിരുന്നത്.
‘2023ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നില്ലെങ്കില്‍ ആരാണ് മത്സരം കാണാന്‍ പോകുന്നത്? ഒരാളും തന്നെ കാണില്ല. ഞങ്ങളും കര്‍ക്കശമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകും.
ഇന്ത്യ ഞങ്ങളുടെ രാജ്യത്ത് വന്ന് ടൂര്‍ണമെന്റ് കളിക്കുകയാണെങ്കില്‍ ഐ.സി.സി ഇവന്റ് കളിക്കുന്നതിനായി ഞങ്ങളും ഇന്ത്യയിലേക്ക് പോകും. ഇനി അഥവാ ഇന്ത്യ ഇങ്ങോട്ട് വരുന്നില്ല എന്നാണെങ്കില്‍ ഞങ്ങളും ഇന്ത്യയിലേക്ക് വരില്ല. ഞങ്ങള്‍ക്ക് ലോകകപ്പില്‍ വലിയ താത്പര്യമൊന്നുമില്ല.
ഞങ്ങളുടെ ടീം മികച്ച പ്രകടനം തന്നെയണ് പുറത്തെടുക്കൊണ്ടിരിക്കുന്നത്. അത് ഞങ്ങളുടെ ക്രിക്കറ്റ് എക്കോണമിയെ മെച്ചപ്പെടുത്തും. 2021 ഐ.സി.സി ടി-20 ലോകകപ്പിലും 2022 ഏഷ്യാ കപ്പിലും ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിയവരാണ്,’ എന്നാണ് റമീസ് രാജ പറഞ്ഞത്.
Content Highlight: Former Pakistan player Danish Kaneria has come out against Rameez Raja’s statement