പാക് ടീമിന്റെ ബൗളിങ് ഇതേപോലെ ആണെങ്കിൽ ടോട്ടൽ 400ന് മുകളിൽ പോവും; ആശങ്ക പ്രകടിപ്പിച്ച് മുൻ പാക് താരം
Cricket
പാക് ടീമിന്റെ ബൗളിങ് ഇതേപോലെ ആണെങ്കിൽ ടോട്ടൽ 400ന് മുകളിൽ പോവും; ആശങ്ക പ്രകടിപ്പിച്ച് മുൻ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st October 2023, 3:44 pm

ഐ.സി.സി ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടിരുന്നു. ഈ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിന്റെ ഫോമിനെക്കുറിച്ചുള്ള നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ പാക് താരം റമീസ് രാജ.

പാകിസ്ഥാന്റെ ബാറ്റിങ്ങിൽ ഓപ്പണർമാർ തുടക്കത്തിൽ കുറെ സമയം എടുക്കുന്നുവെന്നും അത് ലോകകപ്പിൽ മാറ്റണമെന്നും, ടീമിന്റെ ബൗളിങ് മെച്ചപ്പെടുത്തിയില്ലെങ്കിൽ എതിർ ടീം ടോട്ടൽ 400 കടക്കുമെന്നും രാജ പറഞ്ഞു.

‘എനിക്കറിയാം ഇതൊരു പരിശീലന മത്സരം മാത്രമാണ്. എന്നാൽ മത്സരം വിജയിക്കുക എന്നത് ഒരു ശീലമായി മാറണം. ഇപ്പോൾ പാകിസ്ഥാൻ തോൽക്കുന്നത് ഒരു ശീലമാക്കി എടുത്തു എന്ന് എനിക്ക് തോന്നുന്നു. ആദ്യം ഏഷ്യാകപ്പിലും ഇപ്പോൾ പരിശീലന മത്സരത്തിലും തോൽവി നേരിട്ടു. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ 345 എന്ന വലിയ റൺസ് എടുത്തിട്ട് പോലും ന്യൂസിലാൻഡ് അത് മറികടന്നു. ആ കളിയിൽ പാക് ബൗളിങ് മോശം പ്രകടനമാണ് കാഴ്ചവച്ചത്. ബൗളിങ് ഇതുപോലെ മോശം പ്രകടനം നടത്തിയാൽ എതിർ ടീം 400ന് മുകളിൽ സ്കോർ ചെയ്യും. നിങ്ങൾ ബൗളിങ് തന്ത്രങ്ങൾ മാറ്റണം റിസ്ക്ക് എടുക്കണം എന്നാലേ മികച്ച പ്രകടനം നടത്താൻ സാധിക്കൂ. ടീം ആദ്യ 10-15 ഓവറുകളിൽ മെല്ലെ കളിച്ച് പെട്ടന്ന് കളി വേഗത്തിലാക്കണം. രാജ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്‌ ചെയ്തു.

ലോകകപ്പിന് മുന്നോടിയായുള്ള പാകിസ്ഥാൻ- ന്യൂസിലാൻഡ് സന്നാഹമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടുകയായിരുന്നു. മുഹമ്മദ്‌ റിസ്‌വാൻ 103(94), ബാബർ അസം 80(84), സൗദ് ഷക്കീൽ 75(53) എന്നിവർ പാക്നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 43.4 ഓവറിൽ ലക്ഷ്യം പിന്തുടരുകയായിരുന്നു. റാച്ചിൻ രവീന്ദ്ര 97(72), മാർക്ക്‌ ചാപ്മാൻ 65(41), ഡാറിൽ മിച്ചൽ 59(57) എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് ഇത്രയും വലിയ ടോട്ടൽ മറികടന്നത്. ഇത്ര വലിയ ലക്ഷ്യമുയർത്തിയിട്ടും ബൗളർമാർ റൺസ് അധികം വിട്ടു നൽകിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്.

ലോകകപ്പിൽ ഒക്ടോബർ ആറിന് നെതർലാൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

Content Highlight: Former Pakistan cricketer expressed disappointment with Pakistan’s performances.