സുധാകരന്റെ വായടപ്പിക്കാമെന്ന് സി.പി.ഐ.എം കരുതണ്ട; കെ.പി.സി.സി പ്രസിഡന്റിനെ വേട്ടയാടാന്‍ അനുവധിക്കില്ലെന്ന് ചെന്നിത്തല
Kerala News
സുധാകരന്റെ വായടപ്പിക്കാമെന്ന് സി.പി.ഐ.എം കരുതണ്ട; കെ.പി.സി.സി പ്രസിഡന്റിനെ വേട്ടയാടാന്‍ അനുവധിക്കില്ലെന്ന് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th January 2022, 8:58 pm

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ സി.പി.ഐ.എം ആരോപണം ബോധപൂര്‍വമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കൊലപാതകത്തെ കെ. സുധാകരനുള്‍പ്പെടെ എല്ലാവരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല.

എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സി.പി.ഐ.എം നേതാക്കളുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുധാകരനെതിരായ ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്നു സി.പി.ഐ.എം കരുതണ്ട. എതിരാളികളെ കൊന്നുതള്ളുമ്പോള്‍ അപലപിക്കാന്‍ പോലും തയ്യാറാകത്ത മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കളാണ് തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനെതിരായ പരാമര്‍ശങ്ങള്‍ നടത്താനെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന കൊലപാതകം അപലപനീയമാണ്.
പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. എന്നാല്‍ കൊലപാതകത്തിന്റെ മറവില്‍ കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ എരിതിയില്‍ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു എന്നും ചെന്നിത്തല വ്യക്തമാക്കി.

‘കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് ഇരയായവര്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇടുക്കിയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ സി.പി.ഐ.എമ്മും എസ്.എ്ഫ്.ഐ പ്രവര്‍ത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങള്‍ സി.പി.ഐ.എമ്മിന്റെ തനിനിറം തുറന്നുകാട്ടുന്നതാണ്.

ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പോലീസിന്റെ അലംഭാവം ഒരിക്കല്‍ക്കൂടി വെളിവായിരിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ധീരജിന്റെ കൊലപാതകവുമായി കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമത്തിലേക്ക് തള്ളി വിടുകയാണ് സുധാകരന്‍ ചെയ്യുന്നത്. അതിന്റെ ഭാഗമാണ് ഇടുക്കിയില്‍ നടന്ന സംഭവമെന്നും ആക്രമങ്ങളിലൂടെ കേരളത്തിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.

കെ.എസ്.യു മുന്‍കൈയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രമില്ലെന്നായിരുന്നു ധീരജിന്റെ
കൊലപാതകത്തില്‍ കെ. സുധാകരന്‍ പ്രതികരിച്ചിരുന്നത്.

കൊലപാതകത്തെ കോണ്‍ഗ്രസോ കെ.എസ്.യുവോ ന്യായീകരിക്കില്ല. കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുള്ള കൊലപാതമാണെങ്കില്‍ അതിനെ അപലപിക്കും. ഇടുക്കിയില്‍ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: Former Opposition Leader Ramesh Chennithala says CPI (M)’s allegation against KPCC President K Sudhakaran is intentional