കോഴിക്കോട്: കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കാണണമെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.
വിവാഹത്തോടെ ഭാര്യയുടെ ഏജന്‍സി തനിക്കാണെന്ന് വിശ്വസിക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തില്‍ നിന്നും ഉടലെടുത്ത ഒരു ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിതെന്ന് തഹ്‌ലിയ പറഞ്ഞു.
കേസില്‍ പരാതി പറയാനുള്ള സ്ഥിതി കേരളത്തിലില്ല. സംഭവത്തില്‍ ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
‘സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി കാണുന്ന മനസ്ഥിതിയില്‍ നിന്നും, അവര്‍ ചിന്തയും അഭിപ്രായവുമില്ലാത്തവരാണ് എന്ന കാഴ്ച്ചപ്പാടില്‍ നിന്നും, വിദ്യാഭ്യാസമോ സാമ്പത്തികമായോ ആശ്രയ്ത്വമില്ലാത്തവള്‍ ആണെന്ന ധാരണയില്‍ നിന്നും, വിവാഹത്തോടെ ഭാര്യയുടെ ഏജന്‍സി തനിക്കാണെന്ന് വിശ്വസിക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തില്‍ നിന്നും ഉടലെടുത്ത ഒരു ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിത്,’ ഫാത്തിമ തഹ്‌ലിയ എഴുതി.
ഇതില്‍പ്പെട്ട ഇരകളില്‍ ഏറിയവരും മിണ്ടാതെ ഉരുകി തീരുന്നവരാണ്. തന്റെ ജീവിതത്തില്‍ നടന്നത് പുറത്ത് പറയാന്‍ ഭയക്കുന്നവരാണവര്‍. വീടുവിട്ട് പുറത്ത് വന്നാല്‍ അവര്‍ക്ക് ഒരു അഭയകേന്ദ്രം പോലും കേരളത്തിലില്ലെന്നും തഹ്‌ലിയ പറഞ്ഞു.
‘അവരുടെ സംരക്ഷണം ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞത്, പരാതി ലഭിക്കാതെ പൊലീസിന് അന്വേഷിക്കാന്‍ കഴിയില്ല എന്നായിരുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ വരാന്‍ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകളൊന്നും ഉള്ളത്. അവരിലേക്ക് ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പൊലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടത്,’ തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു
അതേസമയം, പരസ്പരം സമ്മതത്തോടുകൂടിയള്ള പങ്കാളി കൈമാറ്റത്തില്‍ പൊലീസിന് ഇടപെടാന്‍ പരിമിതികളുണ്ട് എന്ന് പറഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ രംഗത്തെത്തിയിരുന്നു.