കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്ന് മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ആറ് ദിവസത്തിന് ശേഷമാണ് പാര്‍ഥ ചാറ്റര്‍ജിയുടെ ഈ പരാമര്‍ശം.
അഴിമതിക്കേസിനെ തുടര്‍ന്ന് വകുപ്പുകളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലെ സ്ഥാനങ്ങളില്‍ നിന്നും പാര്‍ത്ഥ ചാറ്റര്‍ജിയെ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഴിവാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ പാര്‍ഥ ചാറ്റര്‍ജിയുടെ പലയിടങ്ങളിലുള്ള ഫ്ളാറ്റുകളില്‍ നിന്നുമായി 50 കോടി രൂപ ഇ.ഡി കണ്ടെടുത്തിരുന്നു.
‘എന്നെ കുടുക്കിയതാണ്, ഞാന്‍ ഗൂഢാലോചനയുടെ ഇരയാണ്,’ ചാറ്റര്‍ജി പറഞ്ഞു. പാര്‍ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പ്പിത മുഖര്‍ജിയും താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, മറ്റ് മൂന്ന് സ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നും പാര്‍ഥ ചാറ്റര്‍ജിയെ മാറ്റിയെന്നും, അന്വേഷണം പുരോഗമിക്കുന്നത് വരെ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നും പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ അധ്യാപക നിയമന അഴിമതിക്കേസില്‍ ഇ.ഡി അന്വേഷണം നേരിടുന്നതിന്റെ ഭാഗമായി പാര്‍ഥ ചാറ്റര്‍ജിയെ വ്യാഴാഴ്ചയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്.
‘ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവരെ വെറുതെ വിടില്ല’ എന്നും ‘സഹിഷ്ണുതയുണ്ടാകില്ല’ എന്നും പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായി വേര്‍പിരിയാനുള്ള തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്റെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത, എയ്ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തില്‍ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകള്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷിച്ചുവരികയാണ്.
എസ്.എസ്.സി മുഖേനയുള്ള അഴിമതിക്ക് പുറമെ പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിലും പാര്‍ഥ ചാറ്റര്‍ജിയുടെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകള്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു.
Content Highlight: Former minister Partha Chatterjee said that he was involved in a conspiracy in the teacher recruitment scam case