കത്‌വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ട് ദുരുപയോഗം ചെയ്തു; പി.കെ ഫിറോസിനെതിരെ യൂത്ത് ലീഗ് മുന്‍ നേതാവ്
Kerala
കത്‌വ-ഉന്നാവോ ഇരകള്‍ക്കായി പിരിച്ച ഫണ്ട് ദുരുപയോഗം ചെയ്തു; പി.കെ ഫിറോസിനെതിരെ യൂത്ത് ലീഗ് മുന്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd February 2021, 3:09 pm

കോഴിക്കോട്: കത്‌വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപണം.

പിരിച്ച തുക വകമാറ്റിയെന്നാണ് യൂത്ത് ലീഗിന്റെ മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. യൂത്ത് ലീഗന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് പടനിലം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കത്‌വ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2018 ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പരിരക്ഷയും നിയമസഹായവും ഉദ്ദേശിച്ചായിരുന്നു ഏകദിന ഫണ്ട് സമാഹരണം. പിന്നീട് വിദേശരാജ്യങ്ങളിലും യൂത്ത് ലീഗ് നേതൃത്വം പണപ്പിരിവ് നടത്തിയിരുന്നു.

ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു കണക്കുമില്ലെന്നും യൂസഫ് പടനിലം പറഞ്ഞു.

കമ്മിറ്റിയില്‍ 48 ലക്ഷം രൂപ പിരിച്ചു എന്ന അനൗദ്യോഗിക കണക്കുമാത്രമാണ് പറഞ്ഞത്. ലഭിച്ച തുകയുടെ രേഖകളോ വിശദാംശകളോ ഒരു അവസരത്തിലും വെളിപ്പെടുത്തിയിരുന്നില്ലെന്നും കണക്ക് ചോദിച്ചപ്പോള്‍ പറഞ്ഞത് കേരളയാത്രയുടെ കടംതീര്‍ക്കാന്‍ 15 ലക്ഷം രൂപ പി.കെ ഫിറോസിന് നല്‍കിയെന്നാണെന്നും യൂസഫ് പടനിലം പറഞ്ഞു.

യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിന് വേണ്ടി തുക വകമാറ്റി ചിലവഴിച്ചിട്ടുണ്ട്. ഇക്കാര്യം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരോട് ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് സി.കെ സുബൈറിനെ വിളിച്ചുവരുത്തി ആറ് മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും കണക്ക് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നുവരെ ഇതിന്റെ കണക്ക് കാണിച്ചിട്ടില്ലെന്ന് യൂസഫ് പടനിലം പറഞ്ഞു.

കത്‌വ കേസ് നടത്തുന്നത് പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസ് നടത്തുന്നത് പഞ്ചാബ് മുസ്‌ലീം ഫെഡറേഷന്‍ ആണ്. ഈ കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിന് യാതൊരുവിധത്തിലുള്ള പങ്കാളിത്തവുമില്ല. പിരിച്ചെടുത്ത പണം ആ വിധത്തില്‍ ചിലവഴിച്ചു എന്ന് പറയുന്നതിലും യുക്തിയില്ല എന്ന് തന്റെ അന്വേഷണത്തില്‍ വ്യക്തമായെന്നും സംസ്ഥാന യൂത്ത് ലീഗ് നേതാക്കളുടെ ഇതര ഇടപാടുകള്‍ക്ക് വേണ്ടി
കത്‌വ ഇരകള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും യൂസഫ് പറഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂസഫ് പടനിലം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former League Leader yusuf padanilam alleges fraud in use of kathua unnao fund pk Firoz