ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹാസവുമായി എസ്. സുദീപ്
Kerala News
ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹാസവുമായി എസ്. സുദീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th February 2022, 8:22 am

കോട്ടയം: പാമ്പുകടിയേറ്റ് ഗുരതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷിനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകള്‍ കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണുള്ളത്.

ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസിരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജഡ്ജി എസ്. സുദീപ്. വാവ സുരേഷും ഹിന്ദു ഐക്യവേദി ഓഫീസില്‍ നിന്നുള്ള സംഭാഷണ രൂപത്തിലാണ് ഫേസ്ബുക്ക് പരിഹാസം.

‘ഹലോ, വാവ സുരേഷല്ലേ?- അതേ. ടീച്ചറിനെ കിട്ടിയാരുന്നോ? ശെടാ, അതു നിങ്ങക്ക് ഐക്യവേദി ഓഫീസില് വിളിച്ചു ചോദിച്ചാപ്പോരേ!-

ന്റെ പൊന്നു വാവേ, ഇത് ഐക്യവേദി ഓഫീസീന്നാ… ഹാരാ? രാഹുല്‍ ഈശ്വര്‍!(തുടര്‍ന്ന് അത്യാസന്ന നിലയിലായ വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടു),’ എന്നാണ് എസ്. സുദീപിന്റെ പരിഹാസം.

അതേസമയം, ആരോഗ്യനില പൂര്‍ണ തൃപ്തികരമായതിനെ തുടര്‍ന്നാണ് വാവ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്തതു. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു.

രണ്ടാം ജന്മത്തെ കോട്ടയം ജില്ലക്കാര്‍ എനിക്ക് തിരിച്ചുതന്നു. നാട്ടുകാരുടെ വലിയ സഹകരണത്തിന്റ ഭാഗമായാണ് ആശുപത്രിയില്‍ കൃത്യ സമയത്ത് എത്താനായത്.

ആശുപത്രിയില്‍ എത്തുന്ന ദിവസം എനക്ക് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. അഞ്ചാം ദിവസമാണ് ഓര്‍മ വന്നതെന്നും വാവ സുരേഷ് പറഞ്ഞു.16 പ്രാവശ്യം പാമ്പുകടിയേറ്റ് ചികിത്സയില്‍ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കെയര്‍ ലഭിച്ചത് കോട്ടയത്ത് നിന്നായിരുന്നു.

കേരളത്തിലെ എല്ലാവരുടെയും പ്രാര്‍ഥന തനിക്കുണ്ടായിരുന്നു. അത് ഫലം ചെയ്തു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍. വാസവന്‍ അടക്കമുള്ളവര്‍ക്കും നന്ദി പറയുന്നു. ഇവര്‍ തന്റെ കാണപ്പെട്ട ദൈവമാണെന്നും വാവ സുരേഷ് പ്രതികരിച്ചു.

പാമ്പുപിടുത്തത്തില്‍ ഇപ്പോഴുള്ള രീതി മാറ്റുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കുമെന്നും വാവ സുരേഷ് പറഞ്ഞു. പാമ്പുപിടുത്തം മരണം വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷിതമായ പാമ്പുപിടുത്തം എന്നൊക്കെ പറഞ്ഞ് ഒരാള്‍ക്ക് അപകടം പറ്റുമ്പോള്‍ ചില കഥകള്‍ ഇറങ്ങുന്നുണ്ട്. 2006ലാണ് വനം വകുപ്പിന് ഞാന്‍ ട്രെയ്നിങ്ങ് കൊടുക്കുന്നത്. അന്നൊന്നും മറ്റൊരു പാമ്പുപിടുത്തക്കാരെ ഞാന്‍ കണ്ടിട്ടില്ല.

ഇപ്പോ എനിക്കെതിരെ ഒരു ക്യാമ്പയിന്‍ നടക്കുന്നുണ്ട്. വനം വകുപ്പിലെ തന്നെ ഒരു ഓഫീസറാണ് അതിന് പിന്നില്‍. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല.

സത്യത്തില്‍ ഈ പണിയില്‍ ഒരു സുരക്ഷിതത്വവുമില്ല. ശാസ്ത്രീയമാണെന്ന് പറഞ്ഞ് നടക്കുന്നവരും പാമ്പ് കടിച്ച ശേഷം രഹസ്യമായി ട്രീറ്റ്മെന്റ് നടത്തിയത് എനിക്കറിയാം. ഇപ്പോഴുള്ള രീതി മാറ്റണോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും വാവ സുരേഷ് പറഞ്ഞു.

ജനങ്ങള്‍ക്ക് തന്നോടുള്ളത് സ്നേഹമാണെന്നും അതിനെ ആരാധന എന്ന് വിളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച മുമ്പാണ് പാമ്പുകടിച്ചതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാം നിര്‍ത്തിയിരുന്നു. ചില ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് നിലവിലുള്ളത്.

CONTENT HIGHLIGTS: Former judge S. Sudeep has ridiculed Hindu Aikya Vedi leader Shashikala;  Vava Suresh is also a Facebook mockery in the form of a conversation from the Hindu Aikya Vedi office.