സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളിൽ വീണ്ടും സി.ബി.ഐ റെയ്ഡ്
national news
സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളിൽ വീണ്ടും സി.ബി.ഐ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2024, 12:06 pm

ന്യൂദൽഹി: കിറു ജലവൈദ്യുത പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ്.

ദൽഹിയിലെ സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ചെനാബ് വാലി പവർ പ്രൊജക്റ്റ്‌ പ്രൈവറ്റ് ലിമിറ്റഡിന് (സി.വി.പി.പി.എൽ) കിറു ജലവൈദ്യുത പദ്ധതിയുടെ ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം കേസുമായി ബന്ധപ്പെട്ട് ദൽഹിയിലെയും ജമ്മു കശ്മീരിലെയും എട്ട് സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

ഡിസംബറിൽ ദൽഹി, നോയിഡ, ചണ്ഡീഗഡ്, ഷിംല എന്നിവിടങ്ങളിലെ ആറ് കേന്ദ്രങ്ങളിലും റെയ്ഡ് നടന്നിരുന്നു.

2019ൽ ജലവൈദ്യുത പദ്ധതിയുടെ ആഭ്യന്തര പണികൾക്ക് 2,200 കോടി രൂപയുടെ ടെൻഡർ സ്വകാര്യ കമ്പനിക്ക് നൽകിയതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.

2022 ഏപ്രിലിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ്‌ സിൻഹയുടെ പരാതിയിലാണ് കേസ് ഫയൽ ചെയ്തത്.

മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലെ കോൺട്രാക്ട് നൽകിയതുമായി ബന്ധപ്പെട്ടും സത്യപാൽ മാലിക്കിനെതിരെ കേസുണ്ട്.

സത്യപാൽ മാലിക്കിനെതിരെയുള്ള നടപടിയിൽ കോൺഗ്രസ്‌ രംഗത്ത് വന്നിരുന്നു. കേന്ദ്രത്തിനെതിരെ വെളിപ്പെടുത്തൽ നടത്തുന്നവരെ വ്യാജ കേസെടുത്ത് നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് കോൺഗ്രസ്‌ കുറ്റപ്പെടുത്തി.

പുൽവാമ ആക്രമണം നടന്നപ്പോൾ സൈനികർ കൊല്ലപ്പെട്ടത് തങ്ങളുടെ അശ്രദ്ധ കൊണ്ടാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചപ്പോൾ നിശബ്ദനായിരിക്കാനാണ് അദ്ദേഹം നിർദേശിച്ചതെന്ന് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു.

ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് 300 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമമുണ്ടായെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.

Content Highlight: Former J&K Governor Satyapal Malik’s premises raided by CBI in Kiru Hydro project case