സഞ്ജുവിന് ടീമിന് വേണ്ടി പലതും സംഭാവന ചെയ്യാന്‍ സാധിക്കും, ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യത വളരെ വലുതാണ്; ടി-20 ലോകകപ്പിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
സഞ്ജുവിന് ടീമിന് വേണ്ടി പലതും സംഭാവന ചെയ്യാന്‍ സാധിക്കും, ഇന്ത്യ ലോകകപ്പ് നേടാനുള്ള സാധ്യത വളരെ വലുതാണ്; ടി-20 ലോകകപ്പിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th August 2022, 5:23 pm

ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ കിരീടം നേടിയെടുക്കാന്‍ തന്നെ ഉദ്ദേശിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യത വളരെ വലുതാണെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍ പറയുന്നത്.

ടി-20 ലോകകപ്പില്‍ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ടീമിന് വേണ്ടി പലതും നേടാന്‍ സാധിക്കുമെന്നും വിരാട് മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങണമെന്നും അദ്ദേഹം പറയുന്നു. രോഹിത്തും രാഹുലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്ചാറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘വിരാട് അവന്റെ ഒറിജിനല്‍ മൂന്നാം നമ്പറില്‍ തന്നെ കളിക്കട്ടെ. കെ.എല്‍ രാഹുലും രോഹിത് ശര്‍മയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. മറ്റുതാരങ്ങളായ റിഷബ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടീമിന് വേണ്ടി കാര്യമായി തന്നെ സംഭാവന ചെയ്യാന്‍ സാധിക്കും.

ഇന്ത്യ ഇപ്പോള്‍ പിന്തുടര്‍ന്ന് പോരുന്ന അഗ്രസ്സീവ് അപ്രോച്ച് കാണാന്‍ തന്നെ ഒരു രസമാണ്. ടി-20 ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വളരെ വലുതാണ്,’ വസീം ജാഫര്‍ പറയുന്നു.

 

ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കുന്ന ഏഷ്യാ കപ്പാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാന ലക്ഷ്യം. ഏഷ്യാ കപ്പിന് ഇറക്കുന്ന ടീമിനെ തന്നെയാവും ലോകകപ്പിനും ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യത.

എന്നാല്‍ ഇതുവരെ ഇന്ത്യ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റ് എട്ടിനുള്ളില്‍ ഇന്ത്യ സ്‌ക്വാഡ് അനൗണ്‍സ് ചെയ്യും.

ഒക്ടോബര്‍ 16 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ശ്രീലങ്ക – നമീബിയ ഗ്രൂപ്പ് ഘട്ട മത്സരമാണ് ആദ്യം നടക്കുന്നത്.

ഒക്ടോബര്‍ 22നാണ് സൂപ്പര്‍ 12ലെ ആദ്യ മത്സരം. ആതിഥേയരായ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെ നേരിടും.

ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍ക്കേണ്ടി വന്നതിന്റെ നാണക്കേട് മാറ്റാനാവും ഇന്ത്യ ഒരുങ്ങുന്നത്.

Content Highlight: Former Indian star Wasim Jaffer about India’s World Cup chances