മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ എട്ടായി മടക്കി വെച്ച് ദല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിനോട് വിട പറഞ്ഞിരിക്കുകയാണ്. കൈയില്‍ കിട്ടിയ മത്സരം കൊണ്ടുപോയി തുലച്ചാണ് ദല്‍ഹി തോല്‍വി ഇരന്നുവാങ്ങിയത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ റിഷബ് പന്ത് അമ്പേ പരാജയപ്പെട്ട മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ആവശ്യമുള്ള സമയത്ത് ഡി.ആര്‍.എസ് എടുക്കാതെയും വേണ്ടാത്തിടത്ത് റിവ്യു എടുക്കുകയും ചെയ്ത് മുംബൈയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് ദല്‍ഹി ക്യാപ്റ്റന്‍ തന്നെയായിരുന്നു.
ടിം ഡേവിഡിനെ പൂജ്യത്തിന് പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയും, അതേ ഡിം ഡേവിഡ് തന്നെ മുംബൈയുടെ വിജയ നായകനായ കാഴ്ച കാണേണ്ടിയും വന്നവനായിരുന്നു റിഷബ് പന്ത്.
ഡേവിഡിനെതിരെ ഡി.ആര്‍.എസ് എടുക്കാത്തതില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനുമന്നയിച്ചെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രി. പന്തിന് സാമാന്യ ബുദ്ധിയില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
‘എന്താണ് അപ്പോള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നത്. ശരി പന്തും താക്കൂറും ഉണ്ടെന്നിരിക്കട്ടെ, ബാക്കിയുള്ളവര്‍ അവിടെ എന്ത് കാണിക്കുകയായിരുന്നു.
അഞ്ച് ഓവര്‍ മത്സരം ബാക്കിയുണ്ട്, രണ്ട് റിവ്യൂവും കൈയിലുണ്ട്. ഒരു വിക്കറ്റ് വീണതിന് പിന്നാലെയാണ് ടിം ഡേവിഡ് ക്രീസിലെത്തിയത്.
അപ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ റിവ്യൂ എടുക്കാനും ഒന്നിന് പിറകെ മറ്റൊരു വിക്കറ്റും വീഴ്ത്താനല്ലേ ശ്രമിക്കേണ്ടത്. ഇത് കളിയില്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം തരുമെങ്കില്‍, നിങ്ങള്‍ അതിനല്ലേ ശ്രമിക്കേണ്ടത്,’ രവി ശാസ്ത്രി പറയുന്നു.
പ്ലേ ഓഫ് അവരുടെ കൈയകലത്തില്‍ നിന്നുമാണ് തെന്നിമാറിയതെന്നും, ഇത് ആലോചിച്ച് അവരുടെ ഉറക്കം പോലും നഷ്ടപ്പെടാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ദല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. റോവ്മാന്‍ പവലിന്റെയും ക്യാപ്റ്റന്‍ പന്തിന്റയും മികവില്‍ 20 ഓവറില്‍ ദല്‍ഹി 159 റണ്‍സായിരുന്നു നേടിയത്.