ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഐ.പി.എല്ലില്‍ ഇത്തവണ ചാമ്പ്യന്‍മാരാവാന്‍ ഏറ്റവും സാധ്യത കല്‍പിക്കുന്നത് മുംബൈ ഇന്ത്യന്‍സിനായിരിക്കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
അതേസമയം, മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും താരം പറയുന്നു.
‘ഐ.പി.എല്‍ എങ്ങനെ ജയിക്കണമെന്ന് മുംബൈ ഇന്ത്യന്‍സിന് വ്യക്തമായി അറിയാം. ആ അനുഭവ സമ്പത്ത് ഇത്തവണയും അവര്‍ക്ക് സഹായകമാവും.
ടൂര്‍ണമെന്റില്‍ എപ്പോഴും പതിയെ മാത്രം കളിച്ചു തുടങ്ങുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ടീമുകളുടെ എണ്ണവും മത്സരവും വര്‍ധിച്ചതും ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും മുംബൈ ഇന്ത്യന്‍സിനെ തന്നെയായിരിക്കും. കാരണം മറ്റു സീസണുകളെ അപേക്ഷിച്ച് അവര്‍ക്ക് ആവശ്യമുള്ള സമയം ലഭിക്കും.
രോഹിത്തിനെ പോലെ ഒരാള്‍ ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെയും ജസ്പ്രീത് ബുംറയെ പോലെ ഒരു ബൗളര്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെയും നയിക്കുമ്പോള്‍ മുംബൈ വീണ്ടും കിരീടം നേടിയാലും അത്ഭുതപ്പെടാനില്ല,’ ഗവാസ്‌കര്‍ പറയുന്നു.
അതേസമയം, മുന്‍ മുംബൈ താരം ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ നില പരുങ്ങലിലാണെന്നാണ് താരത്തിന്റെ അഭിപ്രായം.
‘ഗുജറാത്ത് ടൈറ്റന്‍സ് പുതിയ നായകന് കീഴില്‍ കളിക്കുന്ന പുതിയ ടീമാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തിന്റെ കുറവ് അവര്‍ക്കുണ്ട്. ആദ്യത്തെ അഞ്ച്-ആറ് മത്സരത്തിന്റെ ഫലം കാണാതെ ഇവരെക്കുറിച്ച് ഒന്നും തന്നെ പറയാനാവില്ല.
ഈ മത്സരങ്ങളുടെ പ്രകടനം വിലയിരുത്തിയാവും അവര്‍ എങ്ങനെയാണ് ടൂര്‍ണമെന്റില്‍ മുന്നോട്ട് പോവുകയെന്ന് പറയാനാവുക. എന്നാല്‍ നിലവിലെ ടീമിനെ വിലയിരുത്തുമ്പോള്‍ ഗുജറാത്ത് പ്രയാസപ്പെടാനാണ് സാധ്യത’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ സീസണുകളെ അപേക്ഷിച്ച് രണ്ട് ടീമുകള്‍ കൂടി ഇത്തവണത്തെ മത്സരരംഗത്തുണ്ട്. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് പുതിയ ടീമുകള്‍.
ടീമുകള്‍ വര്‍ധിച്ചതോടെ എ, ബി എന്നീ പൂളുകളിലായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
മാര്‍ച്ച് 26നാണ് ഐ.പില്‍ പുതിയ സീസണിന്റെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.