ഇന്ത്യയുടെ ഓള്‍ഫോര്‍മാറ്റ് ക്യാപ്റ്റനായതിന് ശേഷം രോഹിത് ശര്‍മയെ വിടാതെ പിന്തുടരുന്ന വില്ലനാവുന്നത് പരിക്കാണ്. രോഹിത് ക്യാപ്റ്റനായതിന് ശേഷം ഇന്ത്യ 68 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും അതില്‍ 39 എണ്ണത്തില്‍ മാത്രമാണ് രോഹിത്തിന് കളിക്കാനായത്. പരിക്കുകള്‍ മൂലം നിരവധി മത്സരങ്ങളാണ് രോഹിതിന് നഷ്ടമായത്.
അതിനാല്‍ തന്നെ രോഹിത്തിന്റെ ഫിറ്റ്‌നസ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരന്തരം ചര്‍ച്ചാവിഷയമാവുന്നുണ്ട്. രോഹിത്തിന്റെ ഫിറ്റ്‌നസില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത്തിന്റെ കഴിവില്‍ തനിക്ക് ഒരു സംശയവുമില്ലെന്ന് എന്നാല്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.
‘രോഹിത് ശര്‍മയില്‍ ഞാന്‍ ഒരു കുറവും കാണുന്നില്ല. അദ്ദേഹത്തിന് എല്ലാമുണ്ട്. എങ്കിലും അവന്റെ ഫിറ്റ്‌നെസ് ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. രോഹിത് ശരിക്കും ഫിറ്റാണോ? കാരണം ആരോഗ്യത്തോടെയിരിക്കാന്‍ മറ്റ് കളിക്കാരേയും പ്രേരിപ്പിക്കുന്നവനായിരിക്കണം ക്യാപ്റ്റന്‍. ടീമംഗങ്ങള്‍ക്ക് അവരുടെ ക്യാപ്റ്റനെ പറ്റി ആലോചിക്കുമ്പോള്‍ അഭിമാനമുണ്ടാവണം.
രോഹിത്തിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. ക്യാപ്റ്റനായതിന് ശേഷം സ്‌കോര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നതുമൂലം അവനെതിരെ വലിയ വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. അതിനോട് ഞാന്‍ യോജിക്കുന്നുണ്ടെങ്കില്‍ പോലും അവന്റെ ക്രിക്കറ്റിങ് സ്‌കില്‍സില്‍ കോട്ടം തട്ടിയിട്ടുണ്ടെന്ന് കരുതുന്നില്ല. അവന്‍ ഒരു സക്‌സസ്ഫുള്‍ ക്രിക്കറ്ററാണ്. ഫിറ്റായിട്ടിരിക്കുകയാണെങ്കില്‍ ടീമംഗങ്ങള്‍ ഒന്നാകെ രോഹിത്തിന് പിന്നില്‍ അണിനിരക്കും,’ കപില്‍ ദേവ് പറഞ്ഞു.
ഇതിനിടെ യോ യോ ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രമേ ഇനി ടീമിലേക്ക് പ്രവേശനം ലഭിക്കൂ എന്ന തീരുമാനം ബി.സി.സി.ഐ എടുത്തിരുന്നു. അങ്ങനെയാണെങ്കില്‍ യോ യോ ടെസ്റ്റ് രോഹിത് പാസാകാന്‍ സാധിക്കുമോ എന്ന ആശങ്കയും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് അവസാനമായി ഇന്ത്യക്കായി കളിച്ചത്. കയ്യിലെ തള്ളവിരലിന് ഏറ്റ പരിക്ക് മൂലം പിന്നീടുള്ള മത്സരങ്ങളിലും നാട്ടില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടി.20യിലും അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
Content Highlight: former Indian captain Kapil Dev himself has come forward, sharing his concerns over Rohit’s fitness