ബുംറയല്ല! ലോകത്തിലെ അപകടകാരിയായ ബൗളർ അവനാണ്: മുൻ ഇന്ത്യൻ ബൗളിങ് കോച്ച്
Cricket
ബുംറയല്ല! ലോകത്തിലെ അപകടകാരിയായ ബൗളർ അവനാണ്: മുൻ ഇന്ത്യൻ ബൗളിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 9:11 am

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളാണ് സിറാജെന്നാണ് ഭരത് പറഞ്ഞത്.

‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുമ്പോള്‍ പ്രതികരിക്കാത്ത പിച്ചുകളിലാണ് നിങ്ങള്‍ പന്തെറിയുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്‍ ബൗള്‍ ചെയ്യുമ്പോള്‍ അല്‍പം കൗശലത്തോടെ കാര്യങ്ങള്‍ ചെയ്യണം. അല്ലെങ്കില്‍ കളിക്കളത്തിലെ സാഹചര്യങ്ങള്‍ നോക്കി എങ്ങനെ ബോള്‍ ചെയ്യണമെന്ന് പഠിക്കണം. ഇത് സിറാജിനെയും ഷമിയെയും സഹായിച്ചുവെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ ലോക ക്രിക്കറ്റിലെ അപകടകാരിയായ ബൗളര്‍ സിറാജാണ്,’ ഭരത് അരുണ്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ 2017ൽ അരങ്ങേറ്റം കുറിച്ച സിറാജ് നീണ്ട ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായി മാറുകയായിരുന്നു. ഇന്ത്യയ്ക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 74 വിക്കറ്റുകളാണ് സിറാജ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 44 മത്സരങ്ങളില്‍ പന്തെറിഞ്ഞ താരം 71 വിക്കറ്റുകളും ടി-20യില്‍ 16 മത്സരങ്ങളില്‍ നിന്നും 93 വിക്കറ്റും നേടിയിട്ടിട്ടുണ്.

ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്.

ഐ.പി.എല്ലില്‍ 140-150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെ കണ്ടെത്തി അവര്‍ക്ക് മികച്ച എക്‌സ്‌പോഷര്‍ നല്‍കണമെന്നും ഭരത് പറഞ്ഞു.

‘ശരിയായ താരങ്ങളെ കണ്ടെത്തി അവരെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അവസരം നല്‍കണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മണിക്കൂറില്‍ 140-150 കിലോമീറ്റര്‍ വേഗതയില്‍ ബോള്‍ ചെയ്യുന്ന താരങ്ങളുണ്ട്. ഇത് അവരെ പരിപോഷിപ്പിക്കുകയും ശരിയായ എക്‌സ്‌പോഷര്‍ നല്‍കുന്നതുമാണ്. ബൗളര്‍മാര്‍ ആദ്യമായി ശീലിക്കേണ്ട കാര്യമാണിത്,’ ഭരത് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Former Indian Bowling Coach Praises Muhammad Siraj