ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ ആദ്യ ടി-20യില്‍ ഇന്ത്യ ജയിച്ചതിന്റെയും എന്നാല്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ സാധിക്കാത്തതിന്റെയും നിരാശയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജുവിന് അവസരമില്ലെന്നും അവനെ കളിപ്പിക്കരുതെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
പരമ്പരയില്‍ സഞ്ജു ടീമില്‍ ഇടം നേടിയതിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയ ആളാണ് ആകാശ് ചോപ്ര എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.
അഥവാ ഓപ്പണറുടെ റോളില്‍ ഇഷാന്‍ കിഷന്‍ പരാജയപ്പെടുകയാണെങ്കില്‍ അപ്പോള്‍ മറ്റു വഴികളോ പകരക്കാരനെയോ തേടാമെന്നും അതുവരെ ഇഷാനെ ആ സ്ഥാനത്ത് നിന്നും മാറ്റരുതെന്നും അദ്ദേഹം പറയുന്നു.
‘ഇഷാനൊപ്പം തന്നെ ഗെയ്ക്‌വാദും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. താരത്തെ ഓപ്പണറുടെ റോളില്‍ തന്നെ നിലനിര്‍ത്തുക. രോഹിത്തിന് അതൊരു പ്രശ്‌നമാവുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം മൂന്നാമനായി കളിക്കുന്നത് തന്നെയാണ് ഉചിതം. സഞ്ജുവിനെ ടോപ്പ് ഓര്‍ഡറില്‍ അല്ലെങ്കില്‍ കളിപ്പിക്കുകയും ചെയ്യരുത്.
സഞ്ജു ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ്. അഞ്ചാമനോ ആറാമനോ ആയി ഇറക്കി അവന്റെ കരിയര്‍ ഇല്ലാതാക്കരുത്. സഞ്ജുവിന് അവസരം നല്‍കുന്നുവെങ്കില്‍ അത് ടോപ്പ് ഓര്‍ഡറില്‍ തന്നെ ആയിരിക്കണം. അല്ലെങ്കില്‍ അവസരം നല്‍കരുത്,’ ചോപ്ര പറയുന്നു.
നാലാമനായി ശ്രേയസ് അയ്യരും അഞ്ചാമനായി ദീപക് ഹൂഡയും കളത്തിലിറങ്ങണമെന്നും ആറാമനായി വെങ്കിടേഷ് അയ്യരെ ഇറക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.
ടോപ്പ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ഇത്തരത്തില്‍ സെറ്റ് ചെയ്താല്‍ സഞ്ജുവിന് എങ്ങനെയാണ് ടീമില്‍ അവസരം ലഭിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു. സഞ്ജുവിന് അദ്ദേഹത്തിന്റെ പൊസിഷനില്‍ കളിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം അവസരം നല്‍കിയാല്‍ മതിയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മിന്നുന്ന ജയമാണ് ഇന്ത്യ നേടിയത്. 62 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 26നാണ് പരമ്പരയിലെ അടുത്ത മത്സരം.