വഡോദര: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ജഡ്ജിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല.
കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ വിജയയാത്രയില്‍ കേരള ഹൈക്കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിഷയത്തില്‍ പരിഹാസവുമായി രംഗത്തെത്തിയത്.
ജഡ്ജിമാര്‍ ആയിരുന്ന പി.എന്‍ രവീന്ദ്രന്‍, വി.ചിദംബരേഷ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ശങ്കര്‍സിംഗ് വഗേലയുടെ പ്രതികരണം.
വിജയയാത്രയ്ക്ക് ഞായറാഴ്ച തൃപ്പൂണിത്തുറയില്‍ നടന്ന സ്വീകരണ പരിപാടിക്കിടെയായിരുന്നു മുന്‍ ജഡ്ജിമാര്‍ ബി.ജെ.പി അംഗത്വം എടുത്തത്.
നേരത്തെ ലൗ ജിഹാദ് നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ് ഇവര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന് കത്തയക്കുകയും ചെയ്തിരുന്നു.
പി.ചിദംബരേഷ് പാലക്കാട് വിക്ടോറിയയില്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നുവെന്നും പറഞ്ഞിരുന്നു. പതിനൊന്ന് വര്‍ഷം ജഡ്ജിയായിരുന്ന രവീന്ദ്രന്‍ 2018ലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
ബി.ജെ.പിയില്‍ ചേര്‍ന്നത് സാമ്പത്തിക സംവരണത്തിന് മുന്‍തൂക്കം ലഭിക്കുന്നതിനും ജാതി അധിഷ്ഠിത സംവരണം ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണെന്നായിരുന്നു ചിദംബരേഷ് പറഞ്ഞത്. ജാതി അടിസ്ഥാനമായുള്ള സംവരണം എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രമേ ലഭിക്കാന്‍ പാടുള്ളൂ എന്നാണ് അഭിപ്രായമെന്നും ചിദംബരേഷ് പറഞ്ഞിരുന്നു.