കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. നാളെ നടക്കുന്ന കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കൊളംബിയയുമാണ് ഏറ്റുമുട്ടുന്നത്. സെമിഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലയണൽ മെസിയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ഉറുഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കൊളംബിയ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ ഫൈനല്‍ മത്സരത്തിനു മുന്നോടിയായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഈ കോപ്പ അമേരിക്കയിലെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ കൊളംബിയന്‍ താരം അഡോള്‍ഫോ വലന്‍സിയ.
മെസിയുടെ ഡ്രിബിളിങ് സ്‌കില്ലുകള്‍ എല്ലാം നഷ്ടപ്പെട്ടുവെന്നും ഇത് മുതലെടുക്കാന്‍ കൊളംബിയക്ക് സാധിക്കണമെന്നുമാണ് വലന്‍സിയ പറഞ്ഞത്.
‘ബാഴ്‌സലോണയില്‍ നമ്മള്‍ കണ്ടിരുന്ന ആറോ ഏഴോ താരങ്ങളെ മറികടക്കാന്‍ കഴിയുമായിരുന്ന മെസിയല്ല ഇപ്പോള്‍. വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റെ കരുത്തും വേഗതയും എല്ലാം നഷ്ടപ്പെട്ടു. ഇതാണ് മത്സരത്തില്‍ ഞങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മെസിയെ ഇപ്പോള്‍ ആര്‍ക്കും കളിക്കളത്തില്‍ മാര്‍ക്ക് ചെയ്യാം,’ മുന്‍ കൊളംബിയന്‍ താരം ആല്‍ബിസെലെസ്റ്റ് ടോക്കിലൂടെ പറഞ്ഞു.
ഈ കോപ്പ അമേരിക്കയില്‍ മെസിക്ക് വേണ്ടത്ര രീതിയില്‍ തിളങ്ങാന്‍ സാധിച്ചിന്നില്ല. ഇതിനോടകം ഒരു ഗോളും അസിസ്റ്റും മാത്രമാണ് മെസിക്ക് നേടാന്‍ സാധിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കു പറ്റിയതിനു പിന്നാലെ തരത്തിന് രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഒടുവില്‍ സെമി ഫൈനലില്‍ കാനഡക്കെതിരെയായിരുന്നു മെസി തന്റെ ആദ്യ ഗോള്‍ നേടിയിരുന്നത്.
മറുഭാഗത്ത് ഹാമിഷ് റോഡ്രിഗസിന്റെ കീഴില്‍ ഈ കോപ്പയില്‍ കൊളംബിയ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. കൊളംബിയന്‍ നായകന്‍ റോഡ്രിഗസിന്റെ മിന്നും പ്രകടനങ്ങളാണ് കൊളംബിയയുടെ കിരീട പ്രതീക്ഷകള്‍ക്ക് ജീവന്‍ വെപ്പിക്കുന്നത്.
ഇതിനോടകം തന്നെ ആറ് അസിസ്റ്റുകളും ഒരു ഗോളുമാണ് ഹാമിഷിന്റെ അക്കൗണ്ടില്‍ ഉള്ളത്. ഇതോടെ കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു എഡിഷനിൽ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ രേഖപ്പെടുത്തുന്ന താരമായി മാറാനും റോഡ്രിഗസിന് സാധിച്ചിരുന്നു.
നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊളംബിയ കോപ്പ അമേരിക്കയുടെ ഫൈനലില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ നീണ്ട വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിക്കാനും കൂടിയായിരിക്കും നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ഹാമിഷും കൂട്ടരും ബൂട്ട് കെട്ടുക.
Content Highlight: Former Colombia player talking about Lionel Messi