എന്റെ കരിയര്‍ തകര്‍ക്കാന്‍ മഗ്രാത്ത് 'ശ്രമിച്ചിരുന്നു': ബ്രെറ്റ് ലീ
Sports News
എന്റെ കരിയര്‍ തകര്‍ക്കാന്‍ മഗ്രാത്ത് 'ശ്രമിച്ചിരുന്നു': ബ്രെറ്റ് ലീ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th August 2022, 10:08 pm

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരമാണ് ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. ടോ ക്രഷിങ് യോര്‍ക്കറുമായി എതിരാളികളുടെ വിക്കറ്റ് പിഴുതെടുക്കുന്ന ലീ എക്കാലവും ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു.

പേസ് ബൗളര്‍മാരുടെ ഒരു നിര തന്നെ ലീയുടെ കാലത്ത് ഓസീസിനുണ്ടായിരുന്നു. ലീയും, നഥാന്‍ ബ്രാക്കണും, ഗ്ലെന്‍ മഗ്രാത്തും, ഗില്ലെസ്പിയുമടക്കമുള്ളവര്‍ ഓസീസിനെ ‘ദി മൈറ്റി’ ഓസീസാക്കിയവരില്‍ പ്രധാനികളായിരുന്നു.

ഓരോരുത്തര്‍ക്കും അവരവരുടേതായ ബൗളിങ് ശൈലിയുമുണ്ടായിരുന്നു. അഗ്രസ്സീവായ ടോ ക്രിഷിങ് യോര്‍ക്കറുകളായിരുന്നു ലീയുടെ പ്രത്യേകതയെങ്കില്‍ ശാന്തമായി പന്തുകളെറിഞ്ഞ് ലോകോത്തര ബാറ്റര്‍മാരെ പുറത്താക്കുന്നതായിരുന്നു മഗ്രാത്തിന്റെ രീതി.

 

റിക്കി പോണ്ടിങ്ങിന്റെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങളായിരുന്നു മഗ്രാത്തും ലീയും.

ഇരുവരും ചേര്‍ന്ന് 1600ലധികം വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിഴുതെടുത്തത്. ക്രിക്കറ്റിലെ ഏറ്റവും മാരകമായ ഫാസ്റ്റ് ബൗളിങ് കോമ്പിനേഷനും ഇവരുടേത് തന്നെയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഫ്രണ്ട്ഷിപ്പും ഒരുപോലെ പ്രശസ്തവും രസകരവുമായിരുന്നു.

ഇപ്പോഴിതാ, മഗ്രാത്തും ഗില്‍ക്രിസ്റ്റും തന്നെ പ്രാങ്ക് ചെയ്തതിന്റെ കഥ പറയുകയാണ് ബ്രെറ്റ് ലീ. ഇരുവരും ചേര്‍ന്ന് തന്റെ ഷൂ ലേസുകള്‍ പരസ്പരം കെട്ടിയിട്ട് തന്നെ വീഴിച്ചെന്നും തന്റെ കരിയര്‍ പോലും ഇല്ലാതാവുമായിരുന്നു എന്നുമാണ് ലീ പറയുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘1999ലെ ബോക്‌സിങ് ഡേ ടെസ്റ്റിനിടെയായിരുന്നു സംഭവം. ഞാന്‍ ഗില്‍ക്രിസ്റ്റിന്റെയും മഗ്രാത്തിന്റെയുമൊപ്പം ഇരിക്കുകയായിരുന്നു. ഞാനന്ന് ചെറുപ്പമായിരുന്നു. അപ്പോള്‍ ഗില്ലി ഗ്രൗണ്ടില്‍ പോയി കുറച്ച് സമയം എന്‍ജോയ് ചെയ്യാന്‍ പറഞ്ഞു.

ആ തക്കത്തിന് എന്റെയടുത്തിരുന്ന മഗ്രാത്താവട്ടെ എന്റെ ഷൂ ലേസുകള്‍ പരസ്പരം കൂട്ടിക്കെട്ടി വെച്ചിരുന്നു. ഗ്രൗണ്ടിലേക്കിറങ്ങാന്‍ ഞാന്‍ ഏഴുന്നേറ്റ സമയത്ത് ലേസുകള്‍ കൂട്ടിക്കെട്ടിയതിനാല്‍ ഒന്നാകെ ഉരുണ്ടുവീണു. എന്റെ ടെസ്റ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അത് ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു,’ ലീ പറഞ്ഞു.

മഗ്രാത്ത് മികച്ച ഒരു മനുഷ്യനാണെന്നും എന്നാല്‍ ഇടയ്ക്ക് എല്ലാവരോടും ഇത്തരത്തിലുള്ള തമാശകള്‍ കാണിക്കാറുണ്ടെന്നും ലീ പറയുന്നു.

‘മഗ്രാത്ത് വളരെ മികച്ച ഒരു മനുഷ്യനാണ്. ഗ്രൗണ്ടില്‍ കാണുന്ന അഗ്രസ്സീവ് ആറ്റിറ്റിയൂഡ് അല്ല കളത്തിന് പുറത്ത്. കളിക്കളത്തിന് പുറത്ത് അദ്ദേഹം ശാന്തനായ ഒരു വ്യക്തിയാണ്. വിശ്രമിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ മനുഷ്യന്‍. എന്നാല്‍ മഗ്രാത്തിന് ഇത്തരത്തിലുള്ള തമാശകള്‍ ഒപ്പിക്കാനും ഏറെ ഇഷ്ടമായിരുന്നു.

കളിക്കളത്തിന് പുറത്ത് മഗ്രാത്ത് ഫൗണ്ടേഷനിലൂടെ ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ക്കായി ചെയ്ത കാര്യങ്ങള്‍ നിരവധിയാണ്. അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടപ്പെടും. അദ്ദേഹം ഒരേസമയം ഒരു സൂപ്പര്‍ സ്റ്റാറും മനസിലാക്കാന്‍ പാടുപെടേണ്ടി വരുന്ന ഒരു കീറാമുട്ടിയുമാണ്,’ ലീ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Former Australian pacer Brett Lee says it seemed his test career was over before it started