ടോക്കിയോ: ഇസ്രാഈലുമായുള്ള മത്സരം വരാനുള്ള സാധ്യത കണക്കിലെടുത്ത് അള്‍ജീരിയന്‍ താരം ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ് പിന്‍മാറിയത്.
ഇസ്രാഈല്‍- ഫലസ്തീന്‍ പ്രശ്‌നത്തിന്‍ ഫലസ്തീനോടുള്ള രാഷ്ട്രീയ പിന്തുണയുടെ ഭാഗമായാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം അറിയിച്ചു. നന്നായി പരിശ്രമിച്ചിട്ടാണ് ഒളിംപിക്‌സിലെത്തിയതെന്നും എന്നാല്‍ ഫലസ്തീന്‍ പോരാട്ടം അതിനേക്കാള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ആദ്യ റൗണ്ടില്‍ സുഡാന്‍ താരവുമായിട്ടായിരുന്നു ഫതഹി നൗറിന് ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ഇത് ജയിച്ചാല്‍ അടുത്ത റൗണ്ടില്‍ ഇസ്രാഈലി താരവുമായി ഏറ്റുമുട്ടേണ്ടി വരുമെന്നതിനാലാണ് നൗറിന്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
അതേസമയം, ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ ഫതഹി നൗറിനെയും അദ്ദേഹത്തിന്റെ കോച്ച് അമര്‍ ബെനിഖ്‌ലഫിനെയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരുടെയും തീരുമാനം തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രാഈലുമായുള്ള മത്സരം ഒഴിവാക്കാന്‍ 2019ല്‍ ടോക്കിയോയില്‍ നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നൗറിന്‍ പിന്മാറിയിരുന്നു.