ചരിത്രത്തിലാദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീണ്ടുപോകുന്നത്, ദിലീപ് അപകടകാരിയാണ്: ബാലചന്ദ്രകുമാര്‍
Kerala News
ചരിത്രത്തിലാദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീണ്ടുപോകുന്നത്, ദിലീപ് അപകടകാരിയാണ്: ബാലചന്ദ്രകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th February 2022, 7:04 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി വരാനിരിക്കെ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

ചരിത്രത്തിലാദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീണ്ടുപോകുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോടതി വിധി തന്റെ പ്രതീക്ഷക്ക് അനുസരിച്ചുള്ളതാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനായിരുന്നു ദിലീപ് പദ്ധതിയിട്ടിരുന്നെന്നും അതില്‍ ബൈജു പൗലോസിനോടായിരുന്നു കൂടുതല്‍ പകയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

”അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചര്‍ച്ച. കൂട്ടത്തില്‍ ദിലീപിന് ഏറ്റവും കൂടുതല്‍ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നും ബൈജു പൗലോസിന്റെ പേരില്‍ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പില്‍ കണ്ടപ്പോള്‍ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതില്‍ പറയുന്നുണ്ട്. അതിനകത്ത് ഒരു ഭീഷണിയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘ചരിത്രത്തിലാദ്യമായാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീണ്ടുപോകുന്നത്. സമൂഹം തന്നെ ചോദ്യം ചെയ്ത് തുടങ്ങി. ദിലീപിന് എന്തുമാത്രം കഴിവുണ്ടെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തന്നെയായിരുന്നു എന്റെ പരാതിയിലുണ്ടായിരുന്നത്. ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുള്ളയാളാണ്. എന്നാല്‍ കോടതിയില്‍ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച 12 മണിക്കുള്ളില്‍ കോടതിയില്‍ പറയാനും നിര്‍ദേശമുണ്ട്.

പ്രോസിക്യൂഷന്‍ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വാസ്യതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശാപ വാക്കുകളാണ് പ്രതി ദിലീപ് നടത്തിയതെന്നുമാണ് പ്രധാനമായും പ്രതിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും പണി കൊടുക്കുമെന്ന് പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല. ബാലചന്ദ്രകുമാറെന്ന ദൃക്സാക്ഷിയുള്ള കേസാണിത്. ബാലചന്ദ്രകുമാര്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടഞ്ഞുവെന്നും ദിലീപ് നമ്മളെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായുമുള്ള മൊഴി പ്രോസിക്യൂഷന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായി സൂചനയുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം.

ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നതായും സൂചനയുണ്ട്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്.


Content Highlights: For the first time in history, such an argument is going on in the anticipatory bail application: Balachandra Kumar